പുതിയ മന്ത്രിയുടെ കാര്യത്തില്‍ എന്‍സിപിയില്‍ ആശയക്കുഴപ്പം;ശശീന്ദ്രനെ തിരികെ കൊണ്ടുവരണമെന്ന് ഒരു വിഭാഗം; എല്‍ഡിഎഫിന്റെ അടിയന്തര യോഗം 11.30ന്

തിരുവനന്തപുരം: ലൈംഗിക ചുവയുള്ള ഫോണ്‍ സംഭാഷണം പുറത്തുവന്നതിനെ തുടര്‍ന്ന് രാജിവച്ച എ.കെ. ശശീന്ദ്രനു പകരം എന്‍സിപിയുടെ പുതിയ മന്ത്രി ആരാകുമെന്ന കാര്യത്തില്‍ ആശയക്കുഴപ്പം. വിഷയത്തില്‍ തീരുമാനമെടുക്കാന്‍ ഇടതുമുന്നണിയുടെ അടിയന്തരയോഗം ഇന്ന് പതിനൊന്നരയ്ക്ക് ചേരാന്‍ തീരുമാനിച്ചു. രാജിയ്ക്കിടയാക്കിയ മന്ത്രിയുടെ ഫോണ്‍ സംഭാഷണം പുറത്തുവിട്ടതില്‍ ഇന്നലെ രാത്രി മംഗളം ചാനല്‍ ഖേദം പ്രകടിപ്പിച്ചതാണ് പുതിയ പ്രതിസന്ധികള്‍ക്കിടയാക്കിയത്. ശശീന്ദ്രനു പകരം എന്‍.സി.പിയിലെ മറ്റൊരംഗമായ തോമസ് ചാണ്ടി എം.എല്‍.എ മന്ത്രിയാകുമെന്നാണ് കരുതിയിരുന്നത്. തോമസ് ചാണ്ടിയെ മന്ത്രിയാക്കണമെന്നാവശ്യപ്പെട്ട പാര്‍ട്ടി നേതൃത്വം മുഖ്യമന്ത്രിയെ കാണാനിരിക്കെയാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്.പത്തുമണിയോടെ എന്‍സിപി നേതാക്കള്‍ മുഖ്യമന്ത്രിയെ കാണും.മന്ത്രിയായിരുന്ന എ.കെ. ശശീന്ദ്രനെ ബോധപൂര്‍വം കുടുക്കിയതെന്ന് സമ്മതിച്ച് സ്വകാര്യ ചാനല്‍ ഇന്നലെ രംഗത്തെത്തിയിരുന്നു. മന്ത്രിയെ ടെലിഫോണില്‍ വിളിച്ചത് വീട്ടമ്മയല്ല, ചാനല്‍ ലേഖിക തന്നെയാണെന്നും ഖേദം പ്രകടിപ്പിക്കുന്നുവെന്നും ചാനല്‍ സിഇഒ നേരിട്ട് സന്ദേശം നല്‍കി. നടന്നത് സ്റ്റിങ് ഓപ്പറേഷനാണെന്നും വിശദീകരിച്ചു. ഈ പുതിയ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിസ്ഥാനത്തെ ചൊല്ലി ആശയക്കുഴപ്പം ഉണ്ടായത്. ശശീന്ദ്രനെ കൂടാതെ കുട്ടനാട്ടില്‍ നിന്നുള്ള തോമസ് ചാണ്ടിയാണ് എന്‍സിപിയുടെ എംഎല്‍എ. തല്‍ക്കാലം ശശീന്ദ്രനു പകരം തോമസ് ചാണ്ടിയെ മന്ത്രിയാക്കാനായിരുന്നു സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം. ശശീന്ദ്രന്‍ തിരികെ എത്തുമ്പോള്‍ തോമസ് ചാണ്ടി മാറി നില്‍ക്കുമെന്നും ധാരണയായിരുന്നു. എന്നാല്‍, എന്‍സിപി ദേശീയ നേതൃത്വത്തിനും സിപിഎം നേതൃത്വത്തിനും ഇക്കാര്യത്തോട് അനുകൂല നിലപാടല്ല ഉണ്ടായിരുന്നത്.

© 2024 Live Kerala News. All Rights Reserved.