എം എസ് സംഗീതം നിലച്ചു

ചെന്നൈ: പ്രശസ്ത സംഗീതജ്ഞന്‍ എം.എസ് വിശ്വനാഥന്‍ (86) അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആസ്പത്രിയില്‍ പുലര്‍ച്ചെ നാലരയോടെയായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. മൃതദേഹം ചെന്നൈയിലെ വസതിയില്‍ പൊതുദര്‍ശനത്തിന് വെച്ചിരിക്കുകയാണ്.

1928 ല്‍ പാലക്കാട് എലപ്പുള്ളിയില്‍ ജനിച്ച അദ്ദേഹം പത്താം വയസ്സിലാണ് ചെന്നൈയില്‍ എത്തുന്നത്. വിശ്വനാഥന്റെ നാലാം വയസ്സില്‍ അച്ഛന്‍ മരിച്ചു. പിന്നീട് മുത്തച്ഛന്റെ സംരക്ഷണതയിലായിരിക്കെയാണ് സംഗീതം അഭ്യസിച്ചത്. 1952 മുതല്‍ സിനിമാ സംഗീതരംഗത്ത് സജീവമായിരുന്നു.

നൂറിലേറെ മലയാള ചലച്ചിത്രങ്ങള്‍ക്ക് അടക്കം 2000 ലേറെ ചിത്രങ്ങള്‍ക്ക് സംഗീതം നല്‍കി. തമിഴ്, തെലുങ്ക് മലയാലം ഭാഷാ സിനിമകളിലെ സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം. മെല്ലിസ മന്നന്‍ എന്നായിരുന്നു സംഗീത ലോകം അദ്ദേഹത്തെ വിളിച്ചിരുന്നത്.

1952 മുതല്‍ ടി.കെ രാമമൂര്‍ത്തിയോടൊപ്പം സംഗീതസംവിധാനത്തെത്തിയ അദ്ദേഹം 1965 മുതല്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ തുടങ്ങി.

ഭാമ വിജയം, ഗലാട്ട കല്യാണം, ദെയ് വമഗം, മൂണ്‍ട്രു ദൈവങ്ങള്‍, റിക്ഷാകാരനാ, ഭാരത വിലാസ്, ഉലഗം സുട്രും വാലിഭന്‍ തുടങ്ങിയ സിനിമയിലെ ഗാനങ്ങള്‍ അദ്ദേഹത്തെ പ്രശസ്തനാക്കി. മന്ത്രകോടി, ബാബു മോന്‍, ഉല്ലാസ യാത്ര, അമ്മേ അനുപമേ തുടങ്ങിയ മലയാള ചലചിത്രങ്ങള്‍ അദ്ദേഹത്തെ മലയാളികള്‍ക്കും സുപരിചിതനാക്കി.

തമിഴ്‌നാടിന്റെ ഔദ്യോഗിക ഗാനമായ നീരരും കടുലത സംഗീതസംവിധാനവും അദ്ദേഹമാണ് നിര്‍വഹിച്ചത്.

© 2024 Live Kerala News. All Rights Reserved.