അർധരാത്രി മുതൽ ചെന്നൈയില്‍ കനത്ത മഴ; സ്കൂളുകള്‍ക്ക് അവധി, വിമാനങ്ങള്‍ തിരിച്ച് വിട്ടു

ചെന്നൈ : അർധരാത്രി മുതൽ പെയ്യുന്ന കനത്ത മഴയിൽ മുങ്ങി തമിഴ്നാട്ടിലെ ചെന്നൈ ഉൾപ്പെടെയുള്ള പ്രദേശങ്ങൾ. കനത്ത മഴയെ തുടര്‍ന്ന് പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. ഒഎംആര്‍ റോഡില്‍ ഗതാഗതം തടസപ്പെട്ടു. മഴ രൂക്ഷമായതിനെ തുടര്‍ന്ന് ചെന്നൈ, ചെങ്കല്‍പെട്ട്, കാഞ്ചീപുരം, തിരുവള്ളൂര്‍, വെല്ലൂർ, റാണിപേട്ട് ജില്ലകളില്‍ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ പന്ത്രണ്ടാം ക്ലാസിലെ സപ്ലിമെന്ററി പരീക്ഷകൾ മുൻനിശ്ചയിച്ച പ്രകാരം നടത്തുമെന്നും അറിയിപ്പുണ്ട്.

ആർ.കെ. റോഡിൽ മരം റോഡിലേക്കു വീണെങ്കിലും ഫയർ ഫോഴ്സെത്തി രാവിലെയോടെ ഗതാഗതം പുനഃസ്ഥാപിച്ചു. കാലാവസ്ഥ പ്രതികൂലമായതിനെ തുടര്‍ന്ന് ചെന്നൈ വിമാനത്താവളത്തില്‍നിന്ന് പുറപ്പെടേണ്ട വിമാനങ്ങള്‍ വൈകുന്നതായും റിപ്പോര്‍ട്ടുണ്ട്. ചെന്നൈ, തിരുവള്ളൂർ, ചെങ്കൽപേട്ട്, കാഞ്ചീപുരം, റാണിപേട്ട്, തിരുപത്തൂർ, തിരുവണ്ണാമലൈ, വില്ലുപുരം, കഡല്ലൂർ, കള്ളക്കുറിച്ചി ജില്ലകളിൽ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഇന്നു പുലർച്ചെ 5.30 വരെയുള്ള കണക്ക് അനുസരിച്ച് മീനമ്പാക്കത്ത് 14 സെന്റീമീറ്റർ മഴ ലഭിച്ചു. താരാമണി, നന്ദനം എന്നിവിടങ്ങളിലെ ഓട്ടമാറ്റിക് റെയിൻ ഗേജുകളിൽ (എആർജി) 12 സെന്റീമീറ്റർ വീതം മഴ രേഖപ്പെടുത്തി. ചെമ്പരംബാക്കത്തിൽ 11 സെ.മീ. മഴയും രേഖപ്പെടുത്തി. നുംഗമ്പാക്കത്തിൽ ആറു സെ.മീ., വെസ്റ്റ് താംബരത്തിൽ എട്ട് സെ.മീയും രേഖപ്പെടുത്തിയിട്ടുണ്ട്.

© 2024 Live Kerala News. All Rights Reserved.