എന്റെ ഭര്‍ത്താവിനെക്കുറിച്ച് യാതൊരു വിവരവുമില്ല; അദ്ദേഹം എവിടെ ? ബിഎസ് എഫ് ജവാന്റെ ഭാര്യ ചോദിക്കുന്നു

ന്യൂഡല്‍ഹി:അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്ന ജവാന്മാര്‍ക്ക് നല്ല ഭക്ഷണം കിട്ടുന്നില്ലെന്ന് പരാതിപ്പെട്ട ബി.എസ്.എഫ് ജവാനെക്കുറിച്ച് യാതൊരു വിവരവുമില്ലെന്ന് ഭാര്യ. തിങ്കളാഴ്ച വൈകുന്നേരം മുതല്‍ അദ്ദേഹവുമായി ആശയംവിനിമയം നടത്താന്‍ സാധിച്ചിട്ടില്ലെന്നാണ് ഭാര്യ പറയുന്നത്. നല്ല ഭക്ഷണം കിട്ടുന്നില്ലെന്നും രാത്രി പലപ്പോഴും പട്ടിണി കിടക്കേണ്ടി വരുന്നെന്നും ആരോപിച്ച് ലഭിക്കുന്ന ഭക്ഷണ സാമഗ്രികളുടെ വീഡിയോ സഹിതം തേജ് ബഹദൂര്‍ യാദവ് എന്ന ബി.എസ്.എഫ് ജവാന്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ഇത് ഏറെ ചര്‍ച്ചയാവുകയും ആഭ്യന്തര വകുപ്പ് ഇതുസംബന്ധിച്ച് അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിരുന്നു. അതേസമയം ജവാന്റെ ആരോപണത്തെ നിഷേധിച്ച് ബി.എസ്.എഫ് ഉദ്യോഗസ്ഥരും രംഗത്തുവന്നിരുന്നു. തേജ് ബഹദൂര്‍ മദ്യപാനിയാണെന്നും ഇതിനുമുമ്പ് ഒട്ടേറെ തവണ അച്ചടക്ക നടപടി നേരിട്ടയാളാണെന്നും പറഞ്ഞാണ് ബി.എസ്.എഫ് രംഗത്തെത്തിയത്. എന്നാല്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടതിനു ശേഷം തന്റെ ഭര്‍ത്താവിനെക്കുറിച്ച് യാതൊരു വിവരവുമില്ലെന്നും അദ്ദേഹം എവിടെയാണെന്നോ എങ്ങനെയാണെന്നോ ഒരു ധാരണയുമില്ലെന്നും പറഞ്ഞുകൊണ്ടാണ് തേജിന്റെ ഭാര്യ ശര്‍മിള രംഗത്തെത്തിയിരിക്കുന്നത്. ബിഎസ്എഫില്‍ അദ്ദേഹത്തിനനുഭവിക്കേണ്ടി വന്ന ചില കാര്യങ്ങള്‍ തുറന്നു പറഞ്ഞതിന്റെ പേരില്‍ അദ്ദേഹത്തെ മോശക്കാരനായും മനോവിഭ്രാന്തിയുള്ളയാളായും ആക്കിത്തീര്‍ക്കാനുള്ള നടപടികളാണ് ബിഎസ്എഫിന്റെ ഭാഗത്തുനിന്നുണ്ടായതെന്നും അവര്‍ ആരോപിക്കുന്നു.എന്റെ ഭര്‍ത്താവിന് ഭ്രാന്ത് ആയിരുന്നെങ്കില്‍ എന്തുകൊണ്ടു നിങ്ങള്‍ അദ്ദേഹത്തെ അതിര്‍ത്തിയില്‍ ജോലിക്കയച്ചുവെന്ന് അവര്‍ ചോദിക്കുന്നു. അദ്ദേഹം ശബ്ദമുയര്‍ത്തിയത് അദ്ദേഹത്തിനുവേണ്ടിമാത്രമല്ല ബിഎസ്എഫിലെ ഓരോ ജവാന്മാര്‍ക്കുംവേണ്ടിയാണ്. സംഭവത്തിന്റെ സത്യാവസ്ഥയെക്കുറിച്ച് അന്വേഷിക്കാതെ അദ്ദേഹത്തെ വെറുമൊരു മാനസീകരോഗിയായി ചിത്രീകരിക്കാന്‍ അധികാരികള്‍ ശ്രമിക്കുന്നതെന്തുകൊണ്ടാണ് അവര്‍ ചോദിക്കുന്നു. ഈ സംഭവത്തെക്കുറിച്ചന്വേഷിച്ച് ഇതിനുപിറകിലെ സത്യാവസ്ഥകള്‍ പുറത്തുകൊണ്ടുവരണം. അദ്ദേഹം സുരക്ഷിതനാണെന്ന് ഉറപ്പുവരുത്തണം. തേജ് ബഹദൂറിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഭാര്യ തന്റെ ആശങ്ക പങ്കുവെച്ചത്.

© 2024 Live Kerala News. All Rights Reserved.