ജെല്ലിക്കെട്ട് നിരോധിക്കുകയാണെങ്കില്‍ ബിരിയാണിയും നിരോധിക്കണം;അനേകം തവണ ജെല്ലിക്കെട്ട് പരിശീലിച്ചിട്ടുണ്ടെന്നും കമല്‍ ഹാസന്‍

ചെന്നൈ: കായികവിനോദമായ ജെല്ലിക്കെട്ട് നിരോധനമേര്‍പ്പെടുത്തുകയാണെങ്കില്‍ ബിരിയാണിയും നിരോധിക്കണമെന്ന് നടന്‍ കമല്‍ഹാസന്‍. ജെല്ലക്കെട്ടില്‍ മൃഗങ്ങളോട് ക്രൂരത കാണിക്കുന്നു എന്ന് വാദിക്കുന്നവര്‍ ബിരിയാണി ഉപേക്ഷിക്കാനും തയ്യാറാകണമെന്ന് അദ്ദേഹം പറഞ്ഞു.ഒരു ദേശിയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ജെല്ലിക്കെട്ട് തമിഴ്‌നാട്ടിലെ പാരമ്പര്യ സംസ്‌കാരത്തിന്റെ ഭാഗമാണ്. ഞാന്‍ ഇതിന്റെ വലിയ ആരാധകനാണെന്നും അനേകം തവണ ജെല്ലിക്കെട്ട് പരിശീലിച്ചിട്ടുണ്ടെന്നും കമല്‍ ഹാസന്‍ പറഞ്ഞു. സ്‌പെയിനിലെ കാളപ്പോരും ജെല്ലിക്കെട്ടുമായി സാമ്യമില്ല. അവിടെ കാളകള്‍ക്ക് ഉപദ്രവമേല്‍ക്കേണ്ടി വരുകയും അവ കൊല്ലപ്പെടുകയും ചെയ്യുന്നുണ്ട്. എന്നാല്‍ തമിഴ്‌നാട്ടില്‍ കാളകളെ ദൈവങ്ങളെപ്പോലെയാണ് പരിചരിക്കുന്നത്. ജെല്ലിക്കെട്ടില്‍ അവയെ മെരുക്കുകയാണ് ചെയ്യുന്നതെന്നും ഇതിലൂടെ ശാരീരികമായ ഒരു പ്രശ്‌നവും മൃഗങ്ങള്‍ക്ക് സംഭവിക്കുന്നില്ലെന്നും കമല്‍ ഹാസന്‍ പറഞ്ഞു.മൃഗങ്ങളോടു ക്രൂരത കാണിക്കുന്നു എന്നപേരില്‍ 2014ലാണ് സുപ്രീംകോടതി ജെല്ലിക്കെട്ട് നടത്തുന്നത് നിരോധിച്ചത്.

© 2024 Live Kerala News. All Rights Reserved.