ലക്‌നൗവില്‍ തൊഴിലാളികളുടെ താമസ സ്ഥലത്തേക്ക് കാര്‍ പാഞ്ഞ് കയറി നാല് മരണം; ആറു പേര്‍ക്ക് പരുക്ക്; ഡ്രൈവര്‍ മദ്യപിച്ച് അമിത വേഗതയില്‍ കാറോടിച്ചതാണ് അപകടത്തിന് കാരണമെന്ന് പൊലീസ്

ലക്?നൗ: ലക്‌നൗവില്‍ തൊഴിലാളികളുടെ താമസസ്ഥലത്തേക്ക് കാര്‍ പാഞ്ഞ് കയറി നാല് പേര്‍ മരിച്ചു. ആറു പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഞായറാഴ്ച പുലര്‍ച്ചെയാണ് ലക്‌നൗവിലെ ദാലിബാഗ് പ്രദേശത്തെ തൊഴിലാളികളുടെ താമസസ്ഥലത്തേക്ക് ഹ്യൂണ്ടായ് ഐ20 കാര്‍ പാഞ്ഞ് കയറി അപകടമുണ്ടായത്. കാര്‍ അമിത വേഗതിയിലായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. മദ്യപിച്ച് അമിത വേഗതയില്‍ കാറോടിച്ചതാണ് അപകടത്തിന് കാരണമായതെന്ന നിഗമനത്തിലാണ് പൊലീസ്.സംഭവം നടക്കുമ്പോള്‍ എകദേശം 35 തോഴിലാളികള്‍ താമസസ്ഥലത്ത് ഉണ്ടായിരുന്നു. ഉത്തര്‍പ്രദേശിലെ ബഹ്‌റൈക്ക് ജില്ലയില്‍നിന്നുള്ള ദിവസവേതനക്കാരാണ് കൊല്ലപ്പെട്ട നാലുപേരും. ഗുരുതര പരുക്കേറ്റ ആറുപേരെയും ലക്‌നൗവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കാറിലുണ്ടായിരുന്നു രണ്ടുപേരും രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും നൈറ്റ് ഷെല്‍ട്ടറില്‍ കഴിഞ്ഞിരുന്ന മറ്റുള്ളവര്‍ ഇവരെ പിടികൂടുകയായിരുന്നു. ഇതില്‍ ഒരാള്‍ പ്രദേശത്തെ രാഷ്ട്രീയക്കാരന്റെ മകനാണെന്നാണു സൂചന. മറ്റേയാള്‍ വ്യവസായിയുടെ മകനും. ഇരുവരും അപകടമുണ്ടായ സമയത്തു മദ്യപിച്ചിരുന്നെന്ന് പൊലീസ് അറിയിച്ചു.

© 2024 Live Kerala News. All Rights Reserved.