ചില കേസുകളില്‍ യുഎപിഎ ചുമത്തിയത് തെറ്റാണെന്ന വാദത്തെ അംഗീകരിക്കുന്നു; കുട്ടികളെ മതംമാറ്റുന്ന സിലബസ് വേണ്ടെന്നും പിണറായി വിജയന്‍

തിരുവനന്തപുരം: ചില കേസുകളില്‍ യുഎപിഎ ചുമത്തിയത് തെറ്റാണെന്ന വാദത്തെ അംഗീകരിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് യു.എ.പി.എ ചുമത്തേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഭീകരവാദ നീക്കങ്ങള്‍ കേരളത്തില്‍ നടക്കുന്നുണ്ട്. അത്തരം കേസുകളില്‍ യുഎപിഎ ചുമത്തിയേ മതിയാകൂ. അതിനോട് വിട്ടുവീഴ്ചകാട്ടാന്‍ കഴിയില്ല. ഇക്കാര്യത്തില്‍ മുസ്‌ലീം ലീഗും ന്യൂനപക്ഷ വിഭാഗങ്ങളിലെ മതേതര ചിന്താഗതിയുള്ള സംഘടനകളും സര്‍ക്കാറിനൊപ്പം നില്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ചില കേസുകളില്‍ യുഎപിഎ ചുമത്തിയത് പൊലീസിന്റെ വീഴ്ചയാണ്. സര്‍ക്കാര്‍ നയങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരാണ് ഇതിനു പിന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.യുഎപിഎ, കാപ അടക്കമുള്ള നിയമങ്ങള്‍ വ്യാപകമായി ദുരുപയോഗം ചെയ്തിട്ടുണ്ട്. ഇക്കാര്യത്തില്‍ നേരത്തെയുള്ള നിലപാടില്‍ മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു.മത ന്യൂനപക്ഷങ്ങള്‍ക്ക് ഒരു പ്രയാസവും ഉണ്ടാവരുത്. ന്യൂനപക്ഷമായി പോയതുകൊണ്ട് ആര്‍ക്കും ഒരുവിധ പ്രശ്‌നവും അനുഭവിക്കേണ്ടി വരില്ല. ഇതിന് വിപരീതമായി ഏതെങ്കിലും പൊലീസ് ഉദ്യോഗസ്ഥന്‍ പ്രവര്‍ത്തിച്ചാല്‍ അവരെ തിരുത്തുന്ന സര്‍ക്കാറാണ് ഇപ്പോഴുള്ളത്. ന്യൂനപക്ഷങ്ങളെ സര്‍ക്കാറിനെതിരെ തിരിക്കാനുള്ള ലീഗിന്റെ ആരോപണങ്ങള്‍ ആടിനെ പട്ടിയാക്കലാണ്. കുട്ടികളെ എങ്ങനെ മതംമാറ്റാമെന്ന് പഠിപ്പിക്കുന്ന സിലബസ് സ്‌കൂളുകള്‍ക്ക് ആവശ്യമില്ല. അത്തരം ചില പരാതികള്‍ പരിശോധിക്കാന്‍ അഡീഷനല്‍ ചീഫ് സെക്രട്ടറിയെ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.സിപിഐഎം കേന്ദ്രകമ്മിറ്റി യോഗത്തോടനുബന്ധിച്ച് പുത്തരിക്കണ്ടം മൈതാനിയില്‍ നടന്ന പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

© 2024 Live Kerala News. All Rights Reserved.