പാരിതോഷികങ്ങള്‍ സ്വീകരിക്കരുത്;രാഷ്ട്രീയാടിസ്ഥാനത്തില്‍ തീരുമാനം എടുക്കരുത്; പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ യാതൊരു വിധത്തിലുള്ള പാരിതോഷികങ്ങളും സ്വീകരിക്കരുതെന്നും കാര്യങ്ങള്‍ നേടിയെടുക്കാന്‍ വരുന്ന ഏജന്റുമാരെ ശ്രദ്ധിക്കണമെന്നും പിണറായി മുന്നറിയിപ്പ് നല്‍കി. ഒരുതരത്തിലുള്ള അഴിമതിയും വച്ചുപൊറുപ്പിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.ഭരണത്തിന്റെ വേഗതക്കുറവ് പരിഹരിക്കാന്‍ എല്ലാ മന്ത്രിമാരുടെയും പേഴ്‌സണല്‍ സ്റ്റാഫിനെ വിളിച്ചുകൂട്ടിയാണ് പിണറായി നിലപാട് വ്യക്തമാക്കിയത്. തൈക്കാട് ഗസ്റ്റ് ഹൗസിലാണ് യോഗം നടന്നത്.കൃത്യനിഷ്ഠ പുലര്‍ത്തണം. സ്ഥലംമാറ്റത്തിന് മാര്‍ഗനിര്‍ദേശമുണ്ടാക്കും. നടപടികളിലും തീരുമാനങ്ങളിലും രാഷ്ട്രീയപരിഗണന ഉണ്ടാകരുത്. എല്ലാം സംശയത്തോട് കാണണം, എന്നാല്‍ സംശയരോഗം ഉണ്ടാകരുത്. രാഷ്ട്രീയ വിരോധമുള്ളവര്‍ ഉണ്ടെന്ന് ജാഗ്രത വേണം. ഒരു മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് മറ്റ് വകുപ്പുകളില്‍ ഇടപെടരുത്. എന്നാല്‍ വകുപ്പുകള്‍ തമ്മില്‍ ഏകോപനം വേണമെന്നും മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞു.മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പേഴ്‌സണല്‍ സ്റ്റാഫിലെ ഒരംഗത്തെ ഒഴിവാക്കേണ്ടി വന്ന സാഹചര്യത്തില്‍ കൂടിയാണ് പിണറായി യോഗം വിളിച്ചത്.

© 2024 Live Kerala News. All Rights Reserved.