ബാങ്കുകളില്‍ ആവശ്യത്തിന് പണമില്ല;പണം പിന്‍വലിക്കുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണം ഡിസംബര്‍ 30ന് ശേഷവും തുടര്‍ന്നേക്കും

ന്യൂഡല്‍ഹി: ഡിസംബര്‍ 30ന് ശേഷവും ബാങ്കുകളില്‍ നിന്നും എടിഎമ്മുകളില്‍ നിന്നും പണം പിന്‍വലിക്കുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണം തുടരുമെന്ന് റിപ്പോര്‍ട്ട്. ആവശ്യമായത്രയും നോട്ടുകള്‍ പുറത്തിറക്കാന്‍ ആര്‍ബിഐക്കു സാധിച്ചിട്ടില്ല. നോട്ടുകള്‍ അസാധുവാക്കിയ പ്രഖ്യാപനം വന്നപ്പോള്‍ 50 ദിവസത്തിനുള്ളില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നാണ് പ്രധാനമന്ത്രി ഉറപ്പുനല്‍കിയത്. എന്നാല്‍ കാലാവധി അവസാനിക്കാറായിട്ടും ബാങ്കുകളിലെ നോട്ടുപ്രതിസന്ധിക്ക് അയവുണ്ടായിട്ടില്ല. നിലവില്‍ പിന്‍വലിക്കാവുന്ന 24,000 രൂപ പോലും ചില ബാങ്കുകള്‍ക്കു നല്‍കാനാകുന്നില്ല. ആവശ്യമായ പണം ലഭിക്കാത്തതാണ് ഇതിനുകാരണം. ബാങ്കുകള്‍ക്ക് ആവശ്യമായത്രയും പണം ലഭ്യമാക്കാതെ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുകയില്ലെന്ന് എസ്ബിഐ ചെയര്‍പഴ്‌സന്‍ അരുന്ധതി ഭട്ടാചാര്യ നേരത്തെ സൂചന നല്‍കിയിരുന്നു.
നോട്ട് അസാധുവാക്കലിനു പിന്നാലെ ഒരാഴ്ചയില്‍ പിന്‍വലിക്കാവുന്ന തുകയുടെ പരിധി 24,000 ആക്കിയും എടിഎം പിന്‍വലിക്കല്‍ 2,500 രൂപയുമായി കേന്ദ്രസര്‍ക്കാര്‍ നിജപ്പെടുത്തിയിരുന്നു. എന്നാണ് നിയന്ത്രണങ്ങള്‍ പിന്‍വലിക്കുകയെന്ന് സര്‍ക്കാരും ആര്‍ബിഐയും ഇതുവരെ വ്യക്തമാക്കിയിട്ടില്ല. പൊതുജനങ്ങള്‍ക്ക് തന്നെ ആവശ്യമായ പണം നല്‍കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ കോര്‍പറേറ്റുകളും മറ്റും വലിയ തോതില്‍ പണം പിന്‍വലിച്ചാല്‍ ബാങ്കുകളുടെ പ്രവര്‍ത്തനം തന്നെ താളം തെറ്റുന്ന അവസ്ഥയിലേക്കെത്തും.

© 2024 Live Kerala News. All Rights Reserved.