ഗ്രീസില്‍ പ്രശ്!നപരിഹാരത്തിന് കളമൊരുങ്ങുന്നു

 

പ്രശ്‌നപരിഹാരത്തിനായി ഗ്രീക്ക് സര്‍ക്കാര്‍ തയ്യാറാക്കിയ നിര്‍ദ്ദേശങ്ങള്‍ പാര്‍ലമെന്റ് അംഗീകരിച്ചു. പാര്‍ലമെന്റ് സ്പീക്കറും ഊര്‍ജ്ജ മന്ത്രിയും വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. നിര്‍ദേശങ്ങള്‍ നാളെ യൂറോസോണിന് സമര്‍പ്പിക്കും.

ഷിപ്പിങ് കമ്പനികള്‍ക്കുള്ള നികുതി കൂട്ടുക, മൂല്യവര്‍ധിത നികുതി ഏകീകരിച്ച് 23 ശതമാനമാക്കുക, പെന്‍ഷന്‍കാര്‍ക്ക് ഗ്രാന്റ് നല്‍കുന്നത് ഘട്ടംഘട്ടമായി അവസാനിപ്പിക്കുക, പ്രതിരോധ ചെലവില്‍ 300 മില്യണ്‍ യൂറോ കുറയ്ക്കുക, തുറമുഖങ്ങള്‍ സ്വകാര്യവത്കരിക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് ഗ്രീക്ക് പാര്‍ലമെന്റ് വോട്ടിനിട്ട് അംഗീകരിച്ചത്. 291 അംഗങ്ങളില്‍ 251 പേര്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങളെ പിന്തുണച്ചു. !32 പേര്‍ എതിര്‍ത്ത് വോട്ട് ചെയ്തു. എട്ട് പേര്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. ഗ്രീക്ക് ജനതയുടെ നിലനില്‍പ്പിന് വേണ്ടി സര്‍ക്കാര്‍ വിലപേശല്‍ നടത്തുകയാണെന്ന് സ്പീക്കര്‍ കോണ്‍സ്റ്റന്റോ പോവ്‌ലോ പറഞ്ഞു.

പാര്‍ലമെന്റ് പാസാക്കിയ നിര്‍ദേശങ്ങള്‍ നാളെ യൂറോസോണിന് മുമ്പാകെ സമര്‍പ്പിക്കും. ചൊവ്വാഴ്ച്ച യൂറോപ്യന്‍ യൂണിയനിലെ 19 അംഗരാജ്യ ധനമന്ത്രിമാരുടെ യോഗം ചേരും. ഇതിലാണ് ഗ്രീസിന് വേണ്ടി 2018 വരെയുള്ള അവസാന ഘട്ട വായ്പ നല്‍കുക. യൂറോപ്യന്‍ കമ്മീഷന്‍, യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക്, അന്താരാഷ്ട്ര നാണയനിധി എന്നിവര്‍ കൂടി പരിഗണിച്ചതിന് ശേഷമായിരിക്കും ഗ്രീസിനുള്ള രക്ഷാ പദ്ധതി പ്രഖ്യാപിക്കുക.

© 2024 Live Kerala News. All Rights Reserved.