ഏതന്‍സ്: സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണാനാകാതെ ഗ്രീസ്. യൂറോപ്യന്‍ യൂണിയന്റെ രക്ഷാപദ്ധതിയിലെ വ്യവസ്ഥകള്‍ അംഗീകരിക്കണോ എന്നറിയാനുള്ള ഹിതപരിശോധന നാളെ നടക്കും. അതേസമയം കടാശ്വാസ പദ്ധതിയെ എതിര്‍ത്തും അനുകൂലിച്ചും ഗ്രീസില്‍ പ്രകടനങ്ങള്‍ തുടരുകയാണ്.
രാജ്യത്തെ ജനതയെ ഒന്നാകെ ബാധിച്ച സാമ്പത്തിക പ്രതിസ്ന്ധിക്കിടയിലും ഏകീകൃതമായ പരിഹാര നിര്‍ദേശം മുന്നോട്ട് വെക്കാന്‍ കഴിയാതെ ഗ്രീസിലെ രാഷ്ട്രീയ നേതൃത്വം കലഹം തുടരുകയാണ്. ഏറ്റവും ഒടുവില്‍ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും കരകയറ്റാന്‍ കര്‍ശന വ്യവസ്ഥകളോടെ യൂറോപ്യന്‍ യൂനിയന്‍ മുന്നോട്ടുവെച്ച രക്ഷാപദ്ധതിയിലാണ് വാക് പോര്.
നിലവിലെ പ്രധാനമന്ത്രി അലക്‌സി സിപ്രസ് രക്ഷാപദ്ധതിയെ എതിര്‍ക്കുന്നവര്‍ക്കൊപ്പമാണ്. അതേസമയം പദ്ധതിയെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും റാലി നടത്താന്‍ ഒരുങ്ങുകയാണ്. എതിര്‍ക്കുന്നവരുടെ റാലിയില്‍ പ്രധാനമന്ത്രിയും പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പുതിയ വായ്പ ലഭിക്കാത്തതിനാല്‍, ഗ്രീസിന്റെ സമ്പത്തികരംഗം കടുത്ത പ്രതിസന്ധി നേരിടുന്നതിനിടെയാണ് ഹിതപരിശോധന നടക്കുന്നത്.
കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഗ്രീസിലെ ബാങ്കുകള്‍ ഒരാഴ്ചയായി അടച്ചിട്ടിരിക്കുകയാണ്. അതേസമയം, പദ്ധതിയെ എതിര്‍ക്കുകയാണെങ്കില്‍ ഗ്രീസിനെ യൂറോ മേഖലയില്‍നിന്ന് പുറത്താക്കുമെന്ന് യൂറോപ്യന്‍ യൂനിയന്‍ ഭീഷണി മുഴക്കിയിട്ടുണ്ട്. ഹിതപരിശോധന രാജ്യത്തെ നിയമാനുസൃതമല്ലെന്നാരോപിച്ച് ഗ്രീസിലെ ഉന്നത കോടതിയിലെത്തിയ ഹരജികള്‍ കോടതി തള്ളി.