കൊച്ചി: ബാഹുബലിയുടെ കൈക്കരുത്തിന് മുന്നില്‍ കേരളത്തിലെ എ ക്ലാസ് തിയ്യറ്റര്‍ ഉടമകള്‍ മുട്ടുമടക്കി. വൈഡ് റിലീസിങ്ങിനെതിരെ സംസ്ഥാനത്തെ എ ക്ലാസ് തിയ്യറ്റര്‍ ഉടമകള്‍ രണ്ടു ദിവസമായി നടത്തിവന്ന സമരം പിന്‍വലിച്ചു. കൊച്ചിയില്‍ ചേര്‍ന്ന കേരള സിനി എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്റെ യോഗമാണ് സമരം പിന്‍വലിക്കാന്‍ തീരുമാനിച്ചത്. പുതിയ സിനിമകളുടെ വ്യാജ പതിപ്പുകള്‍ ഇറങ്ങുന്നതിനിടെ പ്രഖ്യാപിച്ച സമരം പിന്നീട് ബാഹുബലിയുടെ വൈഡ് റിലീസിങ്ങിനെതിരെയുള്ള സമരമായി മാറുകയായിരുന്നു.
സിനിമകളുടെ വ്യാജ സിഡികള്‍ ഇറങ്ങുന്ന പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ യോഗം വിളിച്ചുചേര്‍ത്തതിനെ തുടര്‍ന്നാണ് സമരം പിന്‍വലിക്കുന്നതെന്നാണ് തിയ്യറ്റര്‍ ഉടമകളുടെ ഔദ്യോഗ വിശദീകരണം. എന്നാല്‍, എസ്.എസ്. രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലിയുടെ പ്രദര്‍ശനവുമായി ബന്ധപ്പെട്ട് സംഘടനയില്‍ ഉടലെടുത്ത ഭിന്നിപ്പാണ് സമരം പിന്‍വലിക്കാനുള്ള പ്രധാന കാരണം. ബാഹുബലി പ്രദര്‍ശിപ്പിക്കാതെ സമരം തുടര്‍ന്നാല്‍ കോമ്പറ്റീഷന്‍ കമ്മീഷനെ സമീപിക്കുമെന്ന് കേരള ഫിലിം ഡിസ്ട്രീബ്യൂട്ടേഴ്‌സ് അസോസിയേഷനും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. സമരം പിന്‍വലിക്കാന്‍ ഇതും ഒരു കാരണമാണ്.
കേരളത്തിലെ എല്ലാ എ ക്ലാസ് തിയ്യറ്ററുകളും ബാഹുബലിയുടെ വരവ് മുടക്കി കഴിഞ്ഞ ദിവസം സമരം നടത്തിയപ്പോള്‍ സംഘടനയുടെ വൈസ് പ്രസിഡന്റായ അജി അഭിലാഷിന്റെ തിയ്യറ്ററില്‍ ചിത്രം പ്രദര്‍ശിപ്പിച്ചു. അജി അഭിലാഷിന്റെ പാത പിന്തുടര്‍ന്ന് കൂടുതല്‍ അംഗങ്ങള്‍ ബാഹുബലിക്ക് നിറഞ്ഞാടാന്‍ തിയ്യറ്റര്‍ നല്‍കുമോ എന്ന് ഫെഡറേഷന്‍ അംഗങ്ങളില്‍ പലര്‍ക്കും ആശങ്ക ഉണ്ടായിരുന്നു.
അജി അഭിലാഷിനെ നേരത്തെ തിയ്യറ്റര്‍ സംഘടനകളുടെ നേതാവ് ലിബര്‍ട്ടി ബഷീര്‍ രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചത്. ചില കരിങ്കാലികളാണ് ബാഹുബലി പ്രദര്‍ശിപ്പിച്ചത്. ഇത്തരം കരിങ്കാലികള്‍ രാഷ്ട്രീയത്തിലും നിര്‍മാതാക്കള്‍ക്കിടയിലും വിതരണക്കാര്‍ക്കിടയിലുമെല്ലാമുണ്ട്. അതൊരു ആനക്കാര്യമല്ല. സംഘടന പിളര്‍ന്നാലും സിനി എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ ഇതുപോലെ തന്നെ നിലനില്‍ക്കുംലിബര്‍ട്ടി ബഷീര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. വേണ്ടിവന്നാല്‍ വിതരണക്കാര്‍ക്ക് തിയ്യറ്റര്‍ അഡ്വാന്‍സ് നല്‍കാത്ത മള്‍ട്ടിപ്ലക്‌സുകളുടെ പാത തിയ്യറ്ററുകളും പിന്തുടരുമെന്നും ലിബര്‍ട്ടി ബഷീര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഇതിനുശേഷമാണ് സമരം പിന്‍വലിക്കാന്‍ തീരുമാനിച്ചത്. ഇതിനെത്തുടര്‍ന്ന് നേരത്തെയുള്ള ധാരണയനുസരിച്ച് സംസ്ഥാനത്തെ 120 തിയ്യറ്ററുകളിലും ഇന്നു വൈകീട്ട് ബാഹുബലി പ്രദര്‍ശിപ്പിച്ചു.