സിനിമാ പ്രതിസന്ധി രൂക്ഷം; മുഴുവന്‍ തിയേറ്ററുകളും അടച്ചിട്ട് സമരം ശക്തമാക്കാന്‍ നീക്കം; അന്യഭാഷാ ചിത്രങ്ങളും പ്രദര്‍ശിപ്പിക്കില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് സിനിമാ പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ തിയേറ്ററുകള്‍ പൂര്‍ണമായും അടച്ചിട്ട് സമരം ശക്തമാക്കാന്‍ തിയേറ്ററുടമകളുടെ തീരുമാനം. സമരം പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെലുണ്ടാകാത്ത സാഹചര്യത്തിലാണ് ഫെഡറേഷന് കീഴിലുള്ള കേരളത്തിലെ എ ക്ലാസ് തിയറ്ററുകള്‍ അടച്ചിടുന്ന നീക്കത്തിലേക്ക് ഫെഡറേഷന്‍ നീങ്ങുന്നത്. ജനുവരി അവസാന വാരമെത്തുന്ന തമിഴ്-ഹിന്ദി റിലീസുകള്‍ കഴിഞ്ഞാല്‍ മറുഭാഷയില്‍ നിന്ന് പ്രധാന റിലീസുകള്‍ ഇല്ല.
മലയാള സിനിമ ഇനി റിലീസിന് നല്‍കേണ്ടെന്ന തീരുമാനത്തിനൊപ്പം നിലവില്‍ പ്രദര്‍ശിപ്പിച്ചിരുന്ന ചിത്രങ്ങളും വിതരണക്കാരും നിര്‍മ്മാതാക്കളും പിന്‍വലിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് തങ്ങളുടെ ആവശ്യത്തില്‍ വിട്ടുവീഴ്ച വേണ്ടെന്ന നിലപാടിലേക്ക് ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ നീങ്ങുന്നത്. ഡിസംബര്‍ 16ന് സിനിമാ സമരം പ്രഖ്യാപിച്ചതിന് പിന്നാലെ വിവിധ സംഘടനകളുമായി മന്ത്രി എ കെ ബാലന്‍ ചര്‍ച്ച നടത്തിയിരുന്നു. വിട്ടുവീഴ്ചയ്ക്ക് ഇരുവിഭാഗവും തയ്യാറാകാത്തതിനെ തുടര്‍ന്ന് സമരം അലസിപ്പിരിയുകയായിരുന്നു. 50-50അനുപാതത്തില്‍ തിയറ്റര്‍ വിഹിതമെന്ന നിലപാടില്‍ തിയറ്ററുടമകളും നേരത്തെ നല്‍കി വന്ന വിഹിതത്തില്‍ മാറ്റമില്ലെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും നിലപാട് ആവര്‍ത്തിച്ചിരിക്കെ സമവായ സാധ്യതയില്ലാത്ത ചര്‍ച്ചയ്ക്ക് സര്‍ക്കാരിനും താല്‍പ്പര്യമില്ല. സമരത്തെ തുടര്‍ന്ന് ഡിസംബര്‍ 16 മുതല്‍ പുതിയ സിനിമകളുടെ ചിത്രീകരണവും നടക്കുന്നില്ല.

© 2024 Live Kerala News. All Rights Reserved.