മമതാ ബാനര്‍ജിയെ തലമുടിക്ക് പിടിച്ച് വലിച്ചിഴച്ചു പുറത്താക്കാമായിരുന്നു; ബിജെപി നേതാവിന്റെ പ്രസ്താവന വിവാദമാകുന്നു

കൊല്‍ക്കത്ത:തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജിയെ തലമുടിക്ക് പിടിച്ച് വലിച്ചിഴച്ചു പുറത്താക്കാമായിരുന്നുവെന്ന ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷിന്റെ പ്രസ്താവന വിവാദമാകുന്നു. ഞങ്ങളുടെ പൊലീസാണ് അവിടെയുണ്ടായിരുന്നത്. അവര്‍ക്കു മമതയെ പുറത്താക്കാമായിരുന്നു. എന്നാല്‍ അത്തരത്തിലൊന്നും ഞങ്ങള്‍ ചെയ്തില്ലെന്നും ഘോഷ് പറഞ്ഞിരുന്നു. പശ്ചിം മിഡ്‌നാപൂരില്‍ നടന്ന പാര്‍ട്ടി യുവജനവിഭാഗത്തിന്റെ യോഗത്തില്‍ സംസാരിക്കവെയാണു വിവാദ പരാമര്‍ശമുണ്ടായത്. നോട്ട് അസാധുവാക്കലിനെതിരെ ശക്തമായ പ്രതിഷേധത്തിന് മമതാ ബാനര്‍ജി ഇറങ്ങിയതോടെയാണ് ബിജെപി നേതാക്കള്‍ മമതയ്‌ക്കെതിരെ അസഭ്യ വര്‍ഷവുമായി രംഗത്തിറങ്ങിയത്. നോട്ട് പിന്‍വലിക്കലിനുശേഷം മമത ബാനര്‍ജിയുടെ തലയ്ക്കു സ്ഥിരത നഷ്ടപ്പെട്ടിരിക്കുകയാണ്. അതുകൊണ്ടാണ് അവര്‍ ഡല്‍ഹിയിലും പട്‌നയിലും ഇടയ്ക്കു സന്ദര്‍ശനം നടത്തുന്നത്. ആയിരക്കണക്കിനു കോടികള്‍ നഷ്ടപ്പെടുന്നതിന്റെ ഭയത്തിലാണവര്‍. സെക്രട്ടേറിയറ്റില്‍തന്നെ തുടരുകയാണ് അവരെന്നും അദ്ദേഹം ആരോപിച്ചു.അതേസമയം, ഘോഷിനു മറുപടിയുമായി തൃണമൂല്‍ കോണ്‍ഗ്രസും രംഗത്തെത്തി. നോട്ട് അസാധുവാക്കലിനെതിരെ മമത ബാനര്‍ജി കടുത്ത നിലപാടെടുക്കുന്നതിനാലാണ് ബിജെപി ഭയക്കുന്നത്. മുഖ്യമന്ത്രിക്കു പലതരത്തിലുള്ള ഭീഷണികള്‍ ബിജെപിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നുണ്ട്. ജനത്തിനൊപ്പം നില്‍ക്കുകയും നല്ല ഭരണം കാഴ്ച വയ്ക്കുകയും ചെയ്യുന്നതിനാല്‍ അവര്‍ക്കു മമതയോട് ഏറ്റുമുട്ടാന്‍ സാധിക്കുന്നില്ല.രാഷ്ട്രീയമായി മമതാ ബാനര്‍ജിയെ നേരിടാന്‍ കഴിയാത്തതിനാല്‍ ബിജെപി വ്യക്തിപരമായ അധിക്ഷേപങ്ങളിലേക്ക് കടക്കുന്നുവെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിക്കുന്നു. പ്രതിപക്ഷത്തിന്റെ ശബ്ദം എങ്ങനേയും ഇല്ലാതാക്കാനാണ് ബിജെപി പതിനെട്ട് അടവും പയറ്റുന്നതെന്നും തൃണമൂല്‍ നേതാക്കള്‍ പറയുന്നു.

© 2024 Live Kerala News. All Rights Reserved.