ബിജെപിക്ക് മറുപടി നൽകാൻ താനവരുടെ വേലക്കാരിയല്ല – മമത ബാനർജി

പ്രതിപക്ഷം ഒറ്റക്കെട്ടായി 2019 തിരഞ്ഞെടുപ്പിനെ നേരിടുന്നതു ഭരണകൂടത്തെ ഭയചികിതരാക്കുന്നുണ്ടെന്നു ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ‘സിവിൽ വാർ’ എന്ന തന്റെ പ്രസ്താവനയെ ആക്രമിച്ച ബിജെപിയുടെ നിലപാടിനെക്കുറിച്ചു ചോദിച്ചപ്പോൾ, അവർക്കു മറുപടി നൽകാൻ താനവരുടെ വേലക്കാരിയല്ല എന്നായിരുന്നു മമതയുടെ മറുപടി. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, മുൻ അധ്യക്ഷ സോണിയ ഗാന്ധി എന്നിവരെ സന്ദർശിച്ചശേഷമായിരുന്നു മമതയുടെ പ്രതികരണം.
‘സിവിൽ വാർ’ എന്ന പരാമർശം താൻ നടത്തിയിട്ടില്ല. 40 ലക്ഷം പേരുടെ പേരുകൾ ആ പട്ടികയിലില്ല. 2019ൽ അധികാരത്തിലെത്താനാകില്ലെന്ന കാര്യം അറിയാവുന്നതിനാൽ ബിജെപി രാഷ്ട്രീയപരമായി അസ്ഥിരതയിലാണെന്നും മമത കൂട്ടിച്ചേർത്തു. അതേസമയം, പ്രധാനമന്ത്രി പദത്തിലേക്കു താൻ മൽസരിക്കുന്നില്ലെന്നും മമത ബാനർജി അറിയിച്ചു. ആ പദവിയിലേക്ക് ആരു വരണമെന്ന് എല്ലാ പ്രതിപക്ഷ പാർട്ടികളും ചേർന്നു തീരുമാനിക്കുമെന്നും അവർ പറഞ്ഞു.

അസമിലെ ദേശീയ പൗരത്വ റജിസ്റ്റർ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പ്രതിപക്ഷനേതാക്കളുമായി മമത ബാനർജി ചർച്ച നടത്തി. പ്രതിപക്ഷത്തെ ഒന്നിച്ചുനിർത്താനുള്ള മമത ബാനർജിയുടെ ശ്രമങ്ങളുടെ ഭാഗമായി ഡൽഹിയിലെത്തിയ രണ്ടാം ദിനമായ ബുധനാഴ്ച, കോൺഗ്രസ്, ടിഡിപി, വൈഎസ്ആർ കോൺഗ്രസ്, ഡിഎംകെ, ആർജെഡി, എസ്പി, ജെഡിഎസ് പാർട്ടി നേതാക്കളുമായി കൂടിക്കാഴ്ച നടത്തി.