സഹകരണ ബാങ്കുകളില്‍ നിക്ഷേപിച്ച ഒരുരൂപപോലും നഷ്ടമാകില്ലെന്ന് മുഖ്യമന്ത്രി;സഹകരണ ബാങ്കുകള്‍ക്ക് ഇളവുവേണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം നിയമസഭ പാസാക്കി;ബിജെപി അംഗത്തിന്റെ ഭേദഗതി തള്ളി

തിരുവനന്തപുരം: സഹകരണ ബാങ്കുകളില്‍ നിക്ഷേപിച്ച ഒരുരൂപപോലും ജനങ്ങള്‍ക്ക് നഷ്ടമാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ ഉറപ്പ്. ഈ നിക്ഷേപങ്ങള്‍ക്ക് സര്‍ക്കാര്‍ ഗ്യാരന്റി നല്‍കുമെന്നും അദ്ദേഹം നിയമസഭ പ്രത്യേക സമ്മേളനത്തില്‍ അറിയിച്ചു. സഹകരണ ബാങ്ക് വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നീക്കങ്ങള്‍ക്ക് ഭരണ പ്രതിപക്ഷഭേദമന്യേ പിന്തുണയും ലഭിച്ചു.നോട്ട് നിരോധനത്തെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളില്‍ സംസ്ഥാനത്തെ സഹകരണ ബാങ്കുകള്‍ക്ക് ഇളവുകള്‍ വേണമെന്ന് നിയമസഭ ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ടുള്ള പ്രമേയം നിയമസഭ പാസാക്കി. ബിജെപി അംഗം ഒ രാജഗോപാലിന്റെ എതിര്‍പ്പോടെയാണ് പ്രമേയം പാസാക്കിയത്. ഇന്ന് ചേര്‍ന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിലാണ് പ്രമേയം അവതരിപ്പിച്ച് പാസാക്കിയത്. നോട്ട് പിന്‍വലിക്കലിന്റ യഥാര്‍ഥ ലക്ഷ്യം ബി.ജെ.പിയില്‍ ഉള്ളവര്‍ നേരത്തെതന്നെ മനസിലാക്കിയിരുന്നുവെന്നും മുഖ്യമന്ത്രി ആരോപിച്ചു.നോട്ട് പിന്‍വലിക്കലിലൂടെ രാജ്യത്തെ ആഭ്യന്തര കലാപത്തിലേയ്ക്ക് തള്ളിവിടുന്ന സാഹചര്യമാണ് കേന്ദ്ര സര്‍ക്കാര്‍ സൃഷ്ടിച്ചത്. വിദേശ ബാങ്കുകളിലെ കള്ളപ്പണക്കാരുടെ നിക്ഷേപം രാജ്യത്ത് തിരിച്ചുകൊണ്ടുവരുമെന്ന് പ്രഖ്യാപിച്ച നരേന്ദ്ര മോദി 900 കള്ളപ്പണക്കാരുടെ ലിസ്റ്റ് തലയണക്കടിയില്‍ വച്ച് കിടന്നുറങ്ങുകയാണെന്നും പിണറായി പറഞ്ഞു.കറന്‍സി പിന്‍വലിച്ചതു കൊണ്ടു കള്ളപ്പണക്കാര്‍ ബുദ്ധിമുട്ടുന്നില്ല. സാധാരണക്കാര്‍ക്ക് മാത്രമാണ് ബുദ്ധിമുട്ടുണ്ടായത്. രാജ്യത്തെ സാമ്പത്തിക അടിമത്വത്തിലേക്ക് തള്ളിവിടാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. കേരളത്തിലെ സഹകരണ മേഖലയുടെ അസ്തിവാരം തോണ്ടാനുള്ള നടപടിയാണ് കേന്ദ്രത്തിന്റേതെന്നും പിണറായി കുറ്റപ്പെടുത്തി. രാജ്യത്തിന്റെ ഫെഡറല്‍ വ്യവസ്ഥയെ അട്ടിമറിക്കാനാണ് നരേന്ദ്ര മോദി ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

© 2024 Live Kerala News. All Rights Reserved.