അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം; ഈ വര്‍ഷം മരിച്ചത് എട്ട് കുഞ്ഞുങ്ങള്‍

പാലക്കാട്: അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം റിപ്പോര്‍ട്ട് ചെയ്തു. മുക്കാലി കൊട്ടിയൂര്‍ക്കുന്ന് ഊരില്‍ സുനിത ബിജു ദമ്പതികളുടെ പത്തു മാസം പ്രായമുള്ള ശക്തി എന്ന ആണ്‍കുട്ടിയാണ് മരിച്ചത്. രാത്രിയോടെ ഛര്‍ദ്ദിയും വയറിളക്കവും കാരണം കുഞ്ഞ് ചികിത്സയിലായിരുന്നു. തുടര്‍ന്ന് നില വഷളയാതിനെ തുടര്‍ന്ന് രാവിലെ എട്ടരയോടെ കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ഇതോടെ ഈ മാസം മാത്രം അട്ടപ്പാടിയില്‍ മരിക്കുന്ന കുഞ്ഞുങ്ങളുടെ എണ്ണം മൂന്നായി.ഈ മാസം ഷോളയൂര്‍ ചാവടിയൂര്‍ ഊരിലെ മാരി – മണികണ്ഠന്‍ ദമ്പതികളുടെ ആണ്‍കുഞ്ഞ് മരിച്ചത്. ജനിക്കുമ്പോള്‍ കുഞ്ഞിന് 1.4 ആയിരുന്നു തൂക്കം. അന്നനാളം ഉണ്ടായിരുന്നില്ല. ഹൃദയത്തിനും തകരാറുണ്ടായിരുന്നു. ഒക്ടോബര്‍ 31 ന് തൃശൂര്‍ മെഡിക്കല്‍ കോളേജാശുപത്രിയില്‍ ജനിച്ച കുഞ്ഞ് അവിടെ വച്ചു തന്നെ പത്തു ദിവസത്തിനു ശേഷം മരിച്ചു.അഗളി കാരറ ഊരില്‍ ശെല്‍വി ജയകുമാര്‍ ദമ്പതികളുടെ ഒരു മാസം പ്രായമുള്ള ആണ്‍ കുഞ്ഞ് ഈ മാസം ഒന്നിനാണു മരിച്ചത്. തൂക്കക്കുറവോടെ ജനിച്ച കുഞ്ഞിന് ജനിക്കുമ്പോള്‍ തന്നെ മലദ്വാരം ഇല്ലായിരുന്നു. സര്‍ക്കാര്‍ കണക്കില്‍ ഈ വര്‍ഷത്തെ എട്ടാമത്തെ ശിശുമരണമാണിത്.

© 2023 Live Kerala News. All Rights Reserved.