ഭൂരിഭാഗം എടിഎമ്മുകളിലും പണമില്ല; പ്രവര്‍ത്തിക്കുന്നത് ബാങ്ക് നേരിട്ട് പണം നിറയ്ക്കുന്നവ മാത്രം;പുറംകരാര്‍ നല്‍കിയവ പ്രവര്‍ത്തിക്കുന്നില്ല; ഉച്ചയോടെ പണമെത്തുമെന്ന് അധികൃതര്‍

തിരുവനന്തപുരം: രണ്ടു ദിവസം അടച്ചിട്ട ശേഷം രാജ്യത്തെ എടിഎമ്മികള്‍ ഇന്ന് തുറന്നെങ്കിലും മിക്കതും ഇപ്പോഴും പ്രവര്‍ത്തിക്കുന്നില്ല. ഭൂരിഭാഗം എടിഎമ്മുകളിലും പണം ഇല്ലാത്തതിനാലാണ് പ്രവര്‍ത്തിക്കാത്തത്. ബാങ്കുകള്‍ നേരിട്ട് പണം നിറയ്ക്കുന്ന എടിഎമ്മുകളില്‍ മാത്രമാണ് പണമുള്ളത്. പണം നിറയ്ക്കാന്‍ പുറം കരാര്‍ നല്‍കിയ എടിഎമ്മുകള്‍ ഒന്നും തന്നെ പ്രവര്‍ത്തിക്കുന്നില്ല. ഉച്ചയോടെ പണം എത്തിക്കുമെന്നും പ്രശ്‌നം പരിഹരിക്കുമെന്നും അധികൃതര്‍ പ്രതികരിച്ചു. ചില പൊതു മേഖലാ ബാങ്കുകള്‍ ഇന്നലെ രാത്രി തന്നെ പണം നിറയ്ക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കിയിരുന്നു. മറ്റു ബാങ്കുകള്‍ ഇന്നു രാവിലെ തന്നെ എടിഎമ്മുകളില്‍ പണം നിറയ്ക്കല്‍ ആരംഭിക്കും. പ്രതിദിനം 2000 രൂപയാണ് ഒരാള്‍ക്ക് എടിഎമ്മില്‍ നിന്നും പിന്‍വലിക്കാന്‍ കഴിയുന്ന പരമാവധി തുക. 18 ആം തീയതി വരെയാണ് ഈ നിയന്ത്രണം. അതിനുശേഷം ഒരു ദിവസം പിന്‍വലിക്കാവുന്ന പരമാവധി തുക 4000 രൂപയായി ഉയര്‍ത്തും. എന്നാല്‍ പുതിയ നോട്ടുകള്‍ ലഭ്യമല്ലാത്തതിനാലും സോഫ്റ്റ് വെയര്‍ മാറ്റം പൂര്‍ത്തിയാകാത്തതിനാലും പ്രവര്‍ത്തനം പൂര്‍വ സ്ഥിതിയിലാകാന്‍ കുറഞ്ഞത് 10 ദിവസം വേണ്ടി വരുമെന്ന് എസ്ബിഐ അറിയിച്ചു. നിലവിലെ സാഹചര്യത്തില്‍ ബാങ്കുകളില്‍ ഇന്നലെ അനുഭവിച്ച ബുദ്ധിമുട്ടുകള്‍ ഇന്നു എടിഎമ്മിനു മുന്നിലും അനുഭവിക്കേണ്ടി വരും. കാരണം മിക്ക എടിഎം കൗണ്ടറുകളിലും പുതിയ നോട്ട് നിറയ്ക്കന്‍ ഇനിയും പൂര്‍ത്തിയാക്കാനായിട്ടില്ലെന്നത് പണം പിന്‍വലിക്കല്‍ ബുദ്ധിമുട്ടാക്കും.

© 2024 Live Kerala News. All Rights Reserved.