ആറന്മുളയില്‍ കൃഷിയിറക്കി; ഒരു കാരണവശാലും വിമാനത്താവളം അനുവദിക്കില്ല;സര്‍ക്കാരിന്റെ നിലപാടില്‍ മാറ്റമില്ലെന്നും മുഖ്യമന്ത്രി

പത്തനംതിട്ട: ആറന്മുള വിമാനത്താവള പദ്ധതി പ്രദേശത്ത് കൃഷിയിറക്കി ഇടതുസര്‍ക്കാര്‍.തെരഞ്ഞെടുപ്പ് കാലത്തെ വാഗ്ദാനമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയത്.കെ.ജി.എസ് ഗ്രൂപ്പ് തന്നെ വന്നു കണ്ടു. പറഞ്ഞ ന്യായം കേട്ടു.
എന്നാല്‍ കെ.ജി.എസിന് അനുകൂലമായ ഒരു നിലപാടും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാവില്ല എന്ന് അവരോട് വ്യക്തമാക്കിയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.ആറന്മുളയില്‍ ഒരു കാരണവശാലും വിമാനത്താവളം അനുവദിക്കില്ല. പദ്ധതിക്കായി നടത്തിയ വ്യവസായ മേഖലാ പ്രഖ്യാപനം റദ്ദാക്കാനുള്ള നടപടികള്‍ ആരംഭിക്കും.വിമാനത്താവള പദ്ധതി പ്രദേശത്തെ മണ്ണിട്ട് നികത്തിയ കോഴിത്തോട് പുനസ്ഥാപിക്കും. കോടതിയില്‍ കെ.ജി.എസിന്റെ വാദം നടക്കുന്നുണ്ട് . അതിനര്‍ഥം സര്‍ക്കാര്‍ നിലപാട് മാറിയെന്നല്ലെന്നും പിണറായി പറഞ്ഞു .കെ.ജി.എസ് ഗ്രൂപ്പിന് ഒരു സഹായവും ചെയ്യില്ല. ഇതിന് ഉതകുന്ന നടപടികളാണ് സര്‍ക്കാര്‍ ഇതുവരെ സ്വീകരിച്ചത്. കെജിഎസിന് പറയാനുള്ളത് ഈ മാസം 31ന് കേള്‍ക്കും. സ്വാഭാവിക നീതി ആര്‍ക്കും നിഷേധിക്കില്ല. എന്നാല്‍ കെ.ജി.എസിനെതിരായ സര്‍ക്കാര്‍ നിലപാട് മാറ്റില്ല. പരിസ്ഥിതി സംരക്ഷിച്ചുകൊണ്ടുള്ള വികസനമാണ് ആവശ്യമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.വിമാനത്താവളം വരുന്നതിന് എല്‍.ഡി.എഫ് എതിരല്ല. എന്നാല്‍ ആറന്മുളയില്‍ വരുന്നതിനെയാണ് എതിര്‍ത്തത്. പ്രകൃതിയെ നശിപ്പിച്ചുകൊണ്ടുള്ള ഒരു പദ്ധതിക്കും സര്‍ക്കാര്‍ കൂട്ടുനില്‍ക്കില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു. ആറന്മുള വിമാനത്താവള പദ്ധതിക്കായി ഏറ്റെടുത്ത പ്രദേശത്ത് വിത്തുവിതച്ചുകൊണ്ടാണ് പിണറായി വിജയന്‍പരിപാടി ഉദ്ഘാടനം ചെയ്തത്. ആദ്യഘട്ടത്തില്‍ 40 ഹെക്ടര്‍ പ്രദേശത്താണ് കൃഷി നടത്തുക. അതിനുള്ള തുടക്കമാണ് ഇന്ന് നടന്നത്.കൃഷി മന്ത്രി വി.എസ് സുനില്‍ കുമാര്‍, ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസ്, ആറന്മുള എംഎല്‍എ വീണാ ജോര്‍ജ്, റാന്നി എം.എല്‍.എ രാജു എബ്രഹാം എന്നിവര്‍ വിത്ത് വിതയ്ക്കുന്ന ചടങ്ങില്‍ പങ്കെടുത്തു. വന്‍ ജനാവലിയുടെ സാന്നിധ്യത്തിലാണ് ചടങ്ങ് നടന്നത്. ഒരുകോടി 53 ലക്ഷം രൂപയാണ് ഇതിനായി ചിലവഴിക്കേണ്ടി വരികയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.