ജേക്കബ് തോമസിനെ പുകച്ച് പുറത്ത് ചാടിക്കാന്‍ ശ്രമം; പദവിക്ക് നിരക്കാത്ത ഒരു പ്രവൃത്തിയും ജേക്കബ് തോമസിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല; സിബിഐ നടപടി സ്വാഭാവികമല്ല; പിന്തുണയുമായി മുഖ്യമന്ത്രി നിയമസഭയില്‍

തിരുവനന്തപുരം:വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെ പിന്തുണച്ച്്മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. ജേക്കബ് തോമസിനെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് പുകച്ച് പുറത്ത് ചാടിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് അദ്ദേഹം നിയമസഭയില്‍ പറഞ്ഞു. വിജിലന്‍സ് ഡയറക്ടര്‍ക്ക് ചേരാത്ത ഒരു പ്രവൃത്തിയും ജേക്കബ് തോമസിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. അദ്ദേഹത്തിനെതിരെ സിബിഐ നടപടി സ്വാഭാവികമാണെന്നു കരുതുന്നില്ല. അദ്ദേഹത്തിനെതിരെ നീക്കം നടത്തുന്നത് ചില അധികാര കേന്ദ്രങ്ങളാണ്. അവരാണ് സിബി ഐ നടപടിക്കു പിന്നിലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.എം എബ്രഹാമിന്റെ വീട്ടില്‍ നടന്ന റെയ്ഡില്‍ വിജിലന്‍സിന് വീഴ്ച പറ്റിയിട്ടുണ്ട്.  ഇത് സംബന്ധിച്ച് അദ്ദേഹം നല്‍കിയ പരാതി ലഭിച്ചിട്ടുണ്ടെന്നും ഇക്കാര്യം അന്വേഷിക്കുമെന്നും പിണറായി വിജയന്‍ പറഞ്ഞു.ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് ഇരിക്കരുതെന്ന് ആഗ്രഹിക്കുന്ന ചില ശക്തികള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. ഇവര്‍ക്ക് വഴങ്ങിക്കൊടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ തിങ്കളാഴ്ചയും ജേക്കബ് തോമസുമായി ബന്ധപ്പെട്ട സബ്മിഷനും മറ്റും നിയമസഭയില്‍ മുഖ്യമന്ത്രിയുടെ മുന്നില്‍ എത്തിയിരുന്നു. അപ്പോഴും ജേക്കബ് തോമസിനെ പൂര്‍ണമായും പിന്തുണയ്ക്കുന്ന നിലപാടായിരുന്നു മുഖ്യമന്ത്രി എടുത്തിരുന്നത്.

© 2024 Live Kerala News. All Rights Reserved.