മുത്തലാഖ് രാഷ്ട്രീയ വല്‍ക്കരിക്കരുതെന്ന് പ്രധാനമന്ത്രി;മുത്തലാഖ് ഹിന്ദു-മുസ്ലിം പ്രശ്‌നമല്ല; മുസ്ലിം സ്ത്രീകളുടെ ജീവിതം നശിപ്പിക്കുന്നത് അനുവദിക്കില്ല

ബുന്ദേല്‍ഖണ്ഡ്: മുത്തലാഖ് വിഷയത്തെ രാഷ്ട്രീയ വല്‍ക്കരിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി.മുത്തലാഖിലൂടെ മുസ്ലിം സ്ത്രീകളുടെ ജീവിതം നശിപ്പിക്കുന്നത് അനുവദിക്കാനാകില്ല. മുത്തലാഖിനെ ഹിന്ദു-മുസ്ലിം പ്രശ്‌നമായി ചിത്രീകരിക്കരുതെന്നും നരേന്ദ്ര മോഡി ആവശ്യപ്പെട്ടു. ഉത്തര്‍ പ്രദേശിലെ മഹോബയില്‍ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം ബിജെപി സംഘടിപ്പിച്ച പരിവര്‍ത്തന്‍ മഹാറാലിയില്‍ സംസാരിക്കുമ്പോളാണ് മുത്തലാഖിനെ കുറിച്ച് മോഡി പ്രതികരിച്ചത്. ഫോണിലൂടെ മൂന്ന് തവണ തലാഖ് ചൊല്ലി മുസ്ലിം സ്ത്രീകളുടെ ജീവിതം നശിപ്പിക്കുന്നത് എങ്ങനെ നീതീകരിക്കും. പുരുഷന്‍മാര്‍ക്കൊപ്പം തുല്യാവകാശം കിട്ടാന്‍ സ്ത്രീകള്‍ മുന്നിട്ടിറങ്ങണം. വോട്ടു ബാങ്കിന്റെ പേരില്‍ ചില രാഷ്ട്രീയ പാര്‍ട്ടികള്‍ മുസ്‌ലിം സ്ത്രീകള്‍ക്ക് സ്വാഭാവികമായ അവകാശങ്ങള്‍ നിഷേധിക്കുന്നത് തന്നെ അദ്ഭുതപ്പെടുത്തുന്നതായും പ്രധാനമന്ത്രി പറഞ്ഞു.സ്ത്രീകളുടെ അവകാശപ്രശ്‌നത്തെ മുസ്ലിം ഹിന്ദു വിഷയമായി കാണരുതെന്ന് ടിവി ചര്‍ച്ചകളില്‍ പങ്കെടുക്കുന്നവരോട് താന്‍ അപേക്ഷിക്കുകയാണ്. സ്ത്രീകളുടെ അവകാശം വികസന വിഷയമാണ്. ഇതില്‍ സംവാദം വേണ്ടത് മുസ്ലിംകളിലെ പരിഷ്‌കരണവാദികള്‍ക്കിടയിലും പരിഷ്‌കരണത്തെ അംഗീകരിക്കാത്തവര്‍ക്കിടയിലുമാണെന്നും മോഡി പറഞ്ഞു.ഭരണഘടന നല്‍കുന്ന നീതി മുസ്ലിം സ്ത്രീകള്‍ക്ക് ലഭ്യമാക്കണം. അത് സര്‍ക്കാരിന്റെയും ജനങ്ങളുടെയും ഉത്തരവാദിത്തമാണെന്നും മോഡി പറഞ്ഞു.ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ 2014 ആവര്‍ത്തിക്കുമെന്ന് മോഡി അവകാശപ്പെട്ടു. എസ്പി, ബിഎസ്പി പാര്‍ട്ടികള്‍ക്ക് മാറിമാറി ഭരിക്കാന്‍ അവസരമൊരുക്കാതെ ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് വോട്ട് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

© 2024 Live Kerala News. All Rights Reserved.