ഓരോ ദിവസവും പുതിയ ആകാശവും പുതിയ ഭൂമിയും; സ്ഥാനമൊഴിയണമെന്ന നിലപാടില്‍ മാറ്റമില്ലെന്ന് ജേക്കബ് തോമസ്;വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് തുടരണമെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനം ഒഴിയാനുള്ള തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുന്നതായി ജേക്കബ് തോമസ്. തന്റെ തീരുമാനത്തില്‍ മാറ്റം ഒന്നും ഇല്ലെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു. ഇന്നലത്തെ സത്യം ഇന്നത്തെ സത്യമാകണമെന്നില്ല. ഓരോ ദിവസവും കാണുന്നത് പുതിയ ആകാശവും പുതിയ ഭൂമിയുമാണെന്നും ജേക്കബ് തോമസ് പറഞ്ഞു. വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് ജേക്കബ് തോമസ് നല്‍കിയ കത്ത് ഇന്നാണ് സര്‍ക്കാര്‍ പരിഗണിക്കുന്നത്. അതേസമയം വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് തുടരണമെന്ന സര്‍ക്കാര്‍ നിലപാട് ആഭ്യന്തര സെക്രട്ടറി ജേക്കബ് തോമസിനെ അറിയിക്കും.

അദ്ദേഹത്തിന്റെ മറുപടിക്ക് ശേഷമായിരിക്കും അന്തിമ തീരുമാനം. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച്ച നടത്തി. രാവിലെ എട്ടുമണിയോടെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലായിരുന്നു കൂടിക്കാഴ്ച്ച. വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തു നിന്ന് ഒഴിയാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ജേക്കബ് തോമസ് ഇന്നലെ മുഖ്യമന്ത്രിക്കും ആഭ്യന്തര സെക്രട്ടറിക്കും കത്ത് നല്‍കിയിരുന്നു. ഐ.എ.എസ് ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ തന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന വിധത്തില്‍ വാര്‍ത്തകള്‍ നല്‍കുന്നുവെന്നും ഇത് തനിക്ക് മനോവേദനയുണ്ടാക്കുന്ന കാര്യമാണെന്നും ജേക്കബ് തോമസ് കത്തില്‍ വിശദീകരിച്ചിരുന്നു. ഒട്ടനവധി രാഷ്ട്രീയ നേതാക്കളും തനിക്കെതിരെ രംഗത്തെത്തുന്നുണ്ട്. ഇക്കാരണങ്ങളാല്‍ തനിക്ക് സ്ഥാനത്ത് തുടരാനാവില്ല എന്ന് ചൂണ്ടിക്കാണിച്ചാണ് കത്ത്. കത്ത് ലഭിച്ചതായി സ്ഥിരീകരിച്ച അഭ്യന്തരസെക്രട്ടറി നളിനി നെറ്റോ കത്ത് ഉടന്‍ മുഖ്യമന്ത്രിക്ക് കൈമാറുമെന്നും ഇക്കാര്യത്തില്‍ അന്തിമതീരുമാനമെടുക്കേണ്ടത് മുഖ്യമന്ത്രിയാണെന്നും അറിയിച്ചിരുന്നു.

© 2024 Live Kerala News. All Rights Reserved.