തനിക്ക് വരുന്ന ഇമെയിലുകളും ഫോണ്‍ കോളുകളും ചോര്‍ത്തുന്നതായി ജേക്കബ് തോമസ്;അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നല്‍കി

തിരുവനന്തപുരം: തനിക്ക് വരുന്ന ഇമെയിലുകളും ഫോണ്‍ കോളുകളും ചോര്‍ത്തുന്നതായി ആരോപിച്ച്് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ്ബ് തോമസ്. ഇതിനെ കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയ്ക്ക് പരാതി നല്‍കി.ഇ മെയില്‍ ഹാക്ക് ചെയ്തതായി സംശയിക്കുന്നതായും മൊബൈല്‍ ഫോണ്‍ അടക്കമുള്ളവ ചോര്‍ത്തിയതായും ജേക്കബ് തോമസ് പരാതിയില്‍ ഉന്നയിക്കുന്നു. രാഷ്ട്രീയഉദ്യോഗസ്ഥ തലത്തിലെ ഉന്നതരില്‍ പലരുമായും ബന്ധപ്പെട്ട കേസുകള്‍ അന്വേഷിക്കുന്ന ഒരു വകുപ്പിന്റെ മേധാവിയെന്ന നിലയ്ക്ക് തന്റെ ഫോണും മെയിലും ചോര്‍ത്തുന്നത് ഗൗരവതരമായി കാണണമെന്ന് ജേക്കബ് തോമസ് അഭ്യര്‍ത്ഥിക്കുന്നു. ചോര്‍ത്തുന്നതിനു പിന്നില്‍ ഈ കൂട്ടുകെട്ടാണോ എന്നു സംശയമുണ്ട്. ഫോണ്‍ ഫോണ്‍ ചോര്‍ത്താന്‍ അനുമതിയുള്ള ഐ.ജി. റാങ്കിലുള്ള പല ഉദ്യോഗസ്ഥരും കളങ്കിതരാണെന്നും അവരുടെ പേരില്‍ അന്വേഷണം നടക്കുന്നുണ്ടെന്നും ജേക്കബ് തോമസ് കത്തില്‍ വിശദീകരിക്കുന്നുണ്ട്. മുന്‍മന്ത്രിമാര്‍ ഉള്‍പ്പെട്ട കേസുകള്‍ അന്വേഷിക്കുന്ന ജേക്കബ് തോമസിനെപ്പോലുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ ഫോണ്‍ ചോര്‍ത്തുന്നു എന്ന പരാതി അതീവ ഗൗരവമാണെന്നാണ് ഉന്നത പൊലീസ് വൃത്തങ്ങള്‍ തന്നെ നല്‍കുന്ന വിശദീകരണം.അതേസമയം ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തു തല്‍ക്കാലം തുടര്‍ന്നേക്കുമെന്നാണ് അറിയുന്നത്. ഡയറക്ടര്‍ സ്ഥാനത്തു നിന്നു മാറ്റണമെന്നാവശ്യപ്പെട്ട് അദ്ദേഹം നല്‍കിയ കത്തില്‍ സര്‍ക്കാര്‍ ഔദ്യോഗികമായി തീരുമാനം എടുത്തില്ലെങ്കില്‍ തല്‍ക്കാലം അവിടെ തുടരാന്‍ മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ടവര്‍ നിര്‍ദ്ദേശിച്ചതായാണു സൂചന.

© 2024 Live Kerala News. All Rights Reserved.