മന്ത്രിമാര്‍ക്കെതിരായ അന്വേഷണം വൈകുന്നു; വിജിലന്‍സ് ഡയറക്ടര്‍ക്ക് കോടതിയുടെ രൂക്ഷവിമര്‍ശനം; ജേക്കബ് തോമസ് യോഗം വിളിച്ചു

തിരുവനന്തപുരം:വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ രൂക്ഷ വിമര്‍ശനവുമായി തിരുവനന്തപുരം വിജിലന്‍സ് കോടതി. സംസ്ഥാനത്തെ മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരായ പരാതിയില്‍ വിജിലന്‍സ് അന്വേഷണം വൈകുന്നുവെന്നു കോടതി ചൂണ്ടിക്കാട്ടി. തോട്ടണ്ടി ഇറക്കുമതി നടത്തിയതില്‍ മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ ക്രമക്കേടു നടത്തിയെന്ന പരാതി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ പരാമര്‍ശം. മേഴ്‌സിക്കുട്ടിയമ്മയ്‌ക്കെതിരായ വിജിലന്‍സ് അന്വേഷണത്തിലും കോടതി അതൃപ്തി അറിയിച്ചു.മെഴ്‌സിക്കുട്ടിയമ്മയ്ക്ക് എതിരായ പരാതി മൂന്നുതവണ കോടതിയില്‍ എത്തിയ ശേഷമാണ് വിജിലന്‍സ് കേസെടുത്തതെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇതിനുകാരണമെന്താണെന്നും കോടതി ചോദിച്ചു.മുന്‍ മന്ത്രി ഇ.പി. ജയരാജനും ആര്‍. ശ്രലേഖയ്ക്കും എതിരായ പരാതികളില്‍ അന്വേഷണം വൈകിയതിലും കോടതി അതൃപ്തി രേഖപ്പെടുത്തി. അതേസമയം, കോടതി പരാമര്‍ശത്തിനു പിന്നാലെ വിജിലന്‍സ് ഡയറക്ടര്‍ യോഗം വിളിച്ചു. വൈകിട്ട് നാലിന് വിജിലന്‍സ് ആസ്ഥാനത്താണ് യോഗം.കോടതി പരാമര്‍ശത്തിന് പിന്നാലെ വിജിലന്‍സ് ഡയറക്ടറെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്തെത്തി. വിജിലന്‍സ് ഡയറക്ടര്‍ സര്‍ക്കാരിന്റെ താളത്തിനൊത്ത് തുള്ളുകയാണെന്നും ചെന്നിത്തല ആരോപിച്ചു.

© 2024 Live Kerala News. All Rights Reserved.