കൊലപാതകക്കുറ്റത്തിന് സൗദി രാജകുമാരനെ വധശിക്ഷയ്ക്കു വിധേയനാക്കി; ശിരച്ഛേദം നടത്തിയത് ടര്‍കി ബിന്‍ സൗദ് അല്‍ കബീര്‍ രാജകുമാരനെ

റിയാദ്: കൊലപാതകക്കുറ്റത്തിന് സൗദി രാജകുമാരന്റെ വധശിക്ഷ സൗദി നടപ്പാക്കി. സൗദി രാജകുടുംബാംഗമായ ടര്‍ക്കി ബിന്‍ സൗദ് അല്‍ കബീറിനെയാണ് റിയാദില്‍ വധശിക്ഷയ്ക്കു വിധേയനാക്കിയത്. സൗദി സ്വദേശിയെ വെടിവെച്ചു കൊലപ്പെടുത്തിയതിനാണ് രാജകുമാരന് വധശിക്ഷ വിധിച്ചതെന്ന് സൗദി ആഭ്യന്തരമന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.വഴിക്കിനിടെ സുഹൃത്തും സൗദി പൗരനുമായ ആദില്‍ അല്‍ മഹമിദിനെ വെടിവെച്ചുകൊന്ന കേസിലാണ് രാജകുമാരന്‍ ശിക്ഷിക്കപ്പെട്ടത്. 2012 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം. റിയാദിലെ മരുഭൂമിയിലെ തമ്പില്‍ സുഹൃത്തുക്കളുമായി വഴക്കുണ്ടാകുകയും തുടര്‍ന്ന് പ്രകോപിതാനായ രാജകുമാരന്‍ വെടിയുതിര്‍ക്കുകയുമായിരുന്നു. സംഭവത്തില്‍ ഒരാള്‍ക്ക് പരുക്കേറ്റിട്ടുമുണ്ട്.കേസില്‍ 2014 നവംബറില്‍ സൗദി കോടതി രാജകുമാരന് വധശിക്ഷ വിധിച്ചിരുന്നു. ഈ വര്‍ഷം സൗദിയില്‍ വധശിക്ഷയ്ക്ക് വിധേയരായ 134ാമത്തെയാളാണ് കബീര്‍ .രാജകുടംബാംഗത്തിന്റെ വധശിക്ഷ രാജ്യത്തെ നീതിന്യായ വ്യവസ്ഥയുടെ ഉന്നത മൂല്യമാണ് പ്രതിഫലിപ്പിക്കുന്നതെന്ന് കൊല്ലപ്പെട്ടയാളുടെ ബന്ധു അബ്ദുല്‍ റഹ്മാന്‍ അല്‍ ഫലാജ് പറഞ്ഞതായി സൗദി ദിനപത്രമായ അറബ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.