വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് ജേക്കബ് തോമസ് ഒഴിയുന്ന കാര്യത്തില്‍ ഇന്ന് തീരുമാനം; അഭ്യന്തര സെക്രട്ടറി നളിനി നെറ്റോ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി

തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് തന്നെ മാറ്റണമെന്നുള്ള ജേക്കബ് തോമസിന്റെ ആവശ്യത്തില്‍ ഇന്ന് തീരുമാനം ഉണ്ടാകും. അഭ്യന്തര സെക്രട്ടറി നളിനി നെറ്റോ മുഖ്യമന്ത്രി പിണറായി വിജയനുമായി ഔദ്യോഗികവസതിയായ ക്ലിഫ് ഹൗസില്‍ വച്ച് കൂടിക്കാഴ്ച നടത്തി.വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്നൊഴിയണമെന്നാവശ്യപ്പെട്ട് ജേക്കബ് തോമസ് കത്ത് നല്‍കിയ സാഹചര്യവും ഇനി സ്വീകരിക്കേണ്ട നടപടികളും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി.അപ്രധാന തസ്തികകളില്‍ മുന്‍സര്‍ക്കാരുകള്‍ ഒതുക്കിയ ജേക്കബ് തോമസിനെ വിജിലന്‍സ് ഡയറക്ടര്‍ പോലെ സുപ്രധാന തസ്തികയില്‍ നിയമിച്ചത് പിണറായി സര്‍ക്കാരാണ്. മുഖ്യമന്ത്രിയുടെ പ്രത്യേക താത്പര്യപ്രകാരമായിരുന്നു ഈ നിയമനം. ജേക്കബ് തോമസിന്റെ അഴിമതി വിരുദ്ധ പരിവേഷം ശക്തമാക്കുന്നതില്‍ സര്‍ക്കാര്‍ അദ്ദേഹത്തിന് നല്‍കിയ പിന്തുണയും നിര്‍ണായകമായെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ കരുതുന്നു .അതു കൊണ്ട് ജേക്കബ് തോമസ് തന്നെ തല്‍സ്ഥാനത്ത് തുടരുകയാണ് വേണ്ടതെന്ന നിലപാടിലാണ് മുഖ്യമന്ത്രി. ഇത്തരമൊരു നിര്‍ദേശം മുഖ്യമന്ത്രിയില്‍ നിന്ന് ജേക്കബ് തോമസിന് ലഭിച്ചേക്കും എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചനകള്‍. സ്ഥാനമൊഴിയാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ചൊവ്വാഴ്ചയാണ് മുഖ്യമന്ത്രിക്കും അഭ്യന്തരസെക്രട്ടറിക്കും ജേക്കബ് തോമസ് കത്ത് നല്‍കിയത്. ജേക്കബ് തോമസിന്റെ ആവശ്യത്തില്‍ മുഖ്യമന്ത്രിയാവും അന്തിമതീരുമാനമെടുക്കുകയെന്ന് മുഖ്യമന്ത്രിയുടെ സെക്രട്ടറി പദവി കൂടി വഹിക്കുന്ന നളിനി നെറ്റോ പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.