ബന്ധുനിയമന വിവാദത്തില്‍ രമേശ് ചെന്നിത്തല മൊഴി നല്‍കണമെന്ന് വിജിലന്‍സ്; പ്രതിപക്ഷ നേതാവിന് വിജിലന്‍സിന്റെ കത്ത്; എത്രയും വേഗം മൊഴി നല്‍കണമെന്ന് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നു;വി.മുരളീധരനും കത്ത് നല്‍കിയിട്ടുണ്ട്

തിരുവനന്തപുരം: മന്ത്രിസ്ഥാനം രാജിവച്ച ഇ.പി. ജയരാജന്‍ ഉള്‍പ്പെട്ട ബന്ധുനിയമന വിവാദത്തില്‍ മൊഴി നല്‍കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് വിജിലന്‍സിന്റെ കത്ത്. എത്രയും വേഗം മൊഴി നല്‍കണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥന്‍ കെ.ജയകുമാറാണ് പ്രതിപക്ഷ നേതാവിന് കത്ത് നല്‍കിയത്. മറ്റൊരു പരാതിക്കാരനായ ബിജെപി നേതാവ് വി.മുരളീധരനും കത്ത് നല്‍കിയിട്ടുണ്ട്. ത്വരിത പരിശോധന പൂര്‍ത്തിയാക്കിയാല്‍ മാത്രമേ കേസെടുക്കുന്നതടക്കമുള്ള കാര്യങ്ങള്‍ തീരുമാനിക്കാന്‍ വിജിലന്‍സിന് കഴിയൂ. അതിനാല്‍ ആദ്യം പരാതിക്കാരില്‍നിന്നെല്ലാം മൊഴിയെടുക്കാനാണ് തീരുമാനം. ഇതിന്റെ ഭാഗമായാണ് മൊഴി നല്‍കാന്‍ ആവശ്യപ്പെട്ട് പരാതിക്കാര്‍ക്ക് കത്ത് നല്‍കിയത്. നേരത്തെ ബിജെപി നേതാവ് കെ.സുരേന്ദ്രനില്‍നിന്നും മൊഴിയെടുത്തിരുന്നു. ഇവരുടെ മൊഴി രേഖപ്പെടുത്തിയ ശേഷം എത്രയും പെട്ടെന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് വിജിലന്‍സ് തീരുമാനം. നിയമന വിവാദത്തില്‍ ഉള്‍പ്പെട്ട ഇ.പി.ജയരാജനെതിരെ എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്ത് കേസ് എടുക്കണമെന്നാവശ്യപ്പെട്ടാണ് ചെന്നിത്തല വിജിലന്‍സിന് പരാതി നല്‍കിയത്. പരാതിയില്‍ ജയരാജനെ ചോദ്യം ചെയ്യാന്‍ വിജിലന്‍സ് തീരുമാനിച്ചിട്ടുണ്ട്. നിയമനങ്ങള്‍ സംബന്ധിച്ച ഫയലുകള്‍ ആവശ്യപ്പെട്ട് വ്യവസായ സെക്രട്ടറി പോള്‍ ആന്റണിക്ക് വിജിലന്‍സ് നോട്ടീസ് നല്‍കിയിരുന്നു. ഫയലുകളുടെ പ്രാഥമിക പരിശോധന പൂര്‍ത്തിയായിട്ടുണ്ട്. ബന്ധു നിയമന വിവാദത്തില്‍പ്പെട്ട് മന്ത്രിപദമൊഴിഞ്ഞ ഇ.പി.ജയരാജന്‍ ഉള്‍പ്പെടെയുള്ളവരുടെ മൊഴി പ്രത്യേക അന്വേഷണ സംഘം ഉടന്‍ രേഖപ്പെടുത്തും.

© 2024 Live Kerala News. All Rights Reserved.