രാത്രികാല സെമി സ്ലീപ്പര്‍ ബസില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം;ബസുകാരുടെ അറിവോടെയാണ് ഇയാള്‍ യാത്ര ചെയ്തതെന്ന് സ്ത്രീ; വയനാട് സ്വദേശിനി ഡിജിപിക്ക് പരാതി നല്‍കി

കോഴിക്കോട്: രാത്രികാല സ്വകാര്യ സെമി സ്ലീപ്പര്‍ ബസില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം. തിരുവന്തപുരത്ത് നിന്നും കോഴിക്കോട്ടേക്ക് സര്‍വ്വീസ് നടത്തുന്ന ബസിലാണ് വയനാട് സ്വദേശിയായ യുവതിക്ക് നേരെ പീഡനശ്രമം നടന്നത്. സംഭവത്തില്‍ യുവതി ഡിജിപിക്ക് പരാതി നല്‍കി. തിരുവനന്തപുരത്തെ ട്രെയിനിംഗ് കഴിഞ്ഞ് രാത്രി 9 മണിക്കാണ് ഗാലക്‌സി സെമി സ്ലീപ്പര്‍ ബസില്‍ യുവതി കയറിയത്. സ്ത്രീകള്‍ക്കായി പ്രത്യേകം ബുക്ക് ചെയ്ത് സീറ്റിലായിരുന്നു യാത്ര. തൊട്ടടുത്ത സീറ്റില്‍ കൊല്ലത്ത് നിന്നുള്ള ഒരു സ്ത്രീയാണ് കയറേണ്ടിയിരുന്നത്. എന്നാല്‍ വഴിയില്‍ നിര്‍ത്തിയ ബസ്സില്‍ ഒരാള്‍ കയറി യുവതിയുടെ തൊട്ടടുത്ത സീറ്റില്‍ ഇരുന്നു. ഉറക്കത്തിലായിരുന്ന യുവതിയുടെ ദേഹത്ത് ഇയാള്‍ കയറി പിടിക്കുകയായിരുന്നു. ബസുകാരുടെ അറിവോടെയാണ് ഇയാള്‍ യാത്ര ചെയ്തതെന്നാണ് സ്ത്രീയുടെ പരാതി. തനിക്കുണ്ടായ അനുഭവം മറ്റാര്‍ക്കും ഉണ്ടാകരുതെന്ന് കാണിച്ച് ഡിജിപിക്ക് പരാതിയും നല്‍കി.

© 2024 Live Kerala News. All Rights Reserved.