ഇപി ജയരാജനെ തള്ളിപ്പറഞ്ഞ് പിണറായി വിജയന്‍;സുധീര്‍ നമ്പ്യാരുടെ നിയമനം താന്‍ അറിയാതെ; നിയമനങ്ങള്‍ വകുപ്പുമന്ത്രിയുടെ പരഗണനയില്‍ വരുന്നത്; ആക്ഷേപങ്ങള്‍ ഉയരുമ്പോള്‍ യുഡിഎഫ് സമീപനമല്ല എല്‍ഡിഎഫിന്റേതെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: മുന്‍ വ്യവസായ മന്ത്രി ഇപി ഇയരാജനെ തള്ളിപ്പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. സുധീര്‍ നമ്പ്യാരുടെ നിയമനം താന്‍ അറിയാതെയെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. അറിയേണ്ട ആവശ്യവുമില്ല. കീഴ്‌വഴക്കമെന്ന രീതിയില്‍ വേണമെങ്കില്‍ അറിയിക്കാം. വ്യവസായ വകുപ്പാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. വിജിലന്‍സ് ഡയറക്ടര്‍ തന്നെ രഹസ്യമായി കണ്ടിട്ടില്ല.  എല്ലാവിധ മാനദണ്ഡങ്ങളും പാലിച്ചാണ് താന്‍ വ്യവസായ വകുപ്പില്‍ നിയമനങ്ങള്‍ നടത്തിയതെന്ന് ജയരാജന്‍ നിയമസഭയില്‍ വ്യക്തമാക്കിയതിനെത്തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ മറുപടി.ആക്ഷേപങ്ങള്‍ ഉയരുമ്പോള്‍ യുഡിഎഫ് സമീപനമല്ല എല്‍ഡിഎഫിന്റേതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.അതേസമയം പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനങ്ങളും ബന്ധു നിയമനങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പങ്കും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി. വി.ഡി. സതീശനാണ് നോട്ടീസ് നല്‍കിയത്. എന്നാല്‍, പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനങ്ങള്‍ സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യേണ്ട കാര്യമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ സര്‍ക്കാറിന്റെ ചില നടപടികളെയും മുഖ്യമന്ത്രി വിമര്‍ശിച്ചു. യു.ഡി.എഫ് സര്‍ക്കാറിലെ പലരും കുറ്റക്കാരാണെന്ന് കോടതികള്‍ പറഞ്ഞിരുന്നു. മനഃസാക്ഷിക്ക് മുമ്പില്‍ അവര്‍ കുറ്റക്കാരല്ലെന്നാണ് അന്നത്തെ ഭരണപക്ഷത്തിലെ നേതാക്കള്‍ നിലപാട് സ്വീകരിച്ചത്. പലര്‍ക്കുമെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ തെളിവില്ലെന്നും തെളിവുകള്‍ കൊണ്ടുവന്നപ്പോള്‍ കോടതിയില്‍ തെളിയിക്കട്ടെ എന്നും പറഞ്ഞു. അങ്ങനെ അധികാരത്തില്‍ കടിച്ചു തൂങ്ങുകയല്ല ജയരാജന്‍ ചെയ്തതെന്നും പിണറായി ചൂണ്ടിക്കാട്ടി.

മാധ്യമങ്ങളും പ്രതിപക്ഷവും തന്നെ വേട്ടയാടിയപ്പോള്‍ പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും ധാര്‍മികത ഉയര്‍ത്തിപ്പിടിക്കാനാണ് രാജി വച്ചത് ജയരാജന്‍ സഭയില്‍ പറഞ്ഞു. വ്യവസായ മേഖല തകര്‍ച്ച നേരിടുമ്പോഴാണ് താന്‍ ചുമതലയേറ്റത്. താന്‍ സ്വീകരിച്ച അഴിമതി വിരുദ്ധ നിലപാട് ചിലര്‍ക്ക് കടന്നുകയറാനുള്ള അവസരം ഇല്ലാതാക്കി. കെടുകാര്യസ്ഥതയ്‌ക്കെതിരെ നടപടി എടുത്തതിനാല്‍ ശത്രുക്കളുണ്ടായി. പൊതുമേഖലയിലെ ധൂര്‍ത്തും അഴിമതിയും ഇല്ലാതാക്കാന്‍ ശ്രമിച്ചു. പൊതുമേഖലാ സ്ഥാപനങ്ങള്‍ തട്ടിയെടുക്കാന്‍ ശ്രമമുണ്ടായി. അഴിമതിക്കാര്‍ക്ക് അഴിമതി തുടരാന്‍ സാഹചര്യമില്ലാതെ വന്നു. സ്വാധീനിക്കാല്‍ പലരും ശ്രമിച്ചെങ്കിലും വഴങ്ങിയില്ല. താനെടുത്ത നടപടികള്‍ ചിലരെ അസ്വസ്ഥപ്പെടുത്തുന്നുവെന്നും ഇതാണ് വിവാദത്തിന് പിന്നിലെന്നും ജയരാജന്‍ പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.