ട്രംപിനെതിരെ വീണ്ടും ലൈംഗികാരോപണം; രണ്ടു സ്ത്രീകളാണ് ട്രംപ് കടന്നുപിടിച്ചെന്നും അപമാനിച്ചെന്നും ആരോപിച്ചത്; ട്രംപ് രണ്ട് ആരോപണങ്ങളും നിഷേധിച്ചു

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഡോണാള്‍ഡ് ട്രംപിനെതിരെ വീണ്ടും ലൈംഗികാരോപണം. കഴിഞ്ഞ ദിവസം രണ്ടു സ്ത്രീകള്‍ ട്രംപ് തങ്ങളെ സ്പര്‍ശിച്ചതായും അനുവാദമില്ലാതെ ചുംബിച്ചതായും ആരോപിച്ച് രംഗത്തെത്തിയതിന് പിന്നാലെയാണ് പുതിയ ആരോപണം. സമ്മര്‍ സെര്‍വോസ്, ക്രിസ്റ്റിന്‍ ആന്‍ഡേഴ്‌സണ്‍ എന്നീ സ്ത്രീകളാണ് ട്രംപ് കടന്നുപിടിച്ചെന്നും അപമാനിച്ചെന്നും ആരോപിക്കുന്നത്. എന്നാല്‍ ഈ സ്ത്രീകള്‍ ആരാണെന്നുപോലും തനിക്കറിയില്ലെന്നാണ് ഡോണാള്‍ഡ് ട്രംപിന്റെ പ്രതികരണം.
ടെലിവിഷന്‍ റിയാലിറ്റി ഷോ ആയ ദ അപ്രന്റീസിന്റെ അഞ്ചാം സീസണില്‍ മത്സരാര്‍ത്ഥി ആയിരുന്ന സമ്മര്‍ സെര്‍വോസ് വാര്‍ത്താസമ്മേളനം നടത്തി ട്രംപിനെതിരെ ഗുരുതര ലൈംഗിക ആരോപണവുമായി രംഗത്ത് വന്നത്. 2007ല്‍ ഒരു ജോലിതേടി സമീപിച്ച തന്നെ ട്രംപ് ഡിന്നറിന് ക്ഷണിച്ചതിന് ശേഷം കടന്നുപിടിച്ചെന്നും ബലമായി ചുംബിച്ചെന്നും സമ്മര്‍ സെര്‍വോസ് ആരോപിച്ചു. തനിക്ക് താല്‍പ്പര്യമില്ല എന്നറിയിച്ചിട്ടും ട്രംപ് വഴങ്ങാന്‍ നിര്‍ബന്ധിച്ചു. ശരീരത്തില്‍ വീണ്ടും കടന്നുപിടിച്ചു. ബെവേര്‍ലി ഹില്‍സിലെ ട്രംപിന്റെ ബംഗ്ലാവില്‍വച്ചായിരുന്നു സംഭവമെന്നും സെര്‍വോസ് പറയുന്നു. ക്രിസ്റ്റിന്‍ ആന്‍ഡേഴ്‌സണെന്ന 46 കാരിയാണ് ആരോപണവുമായി രംഗത്തെത്തിയ മറ്റൊരു വനിത. 1990 ല്‍ ന്യൂയോര്‍ക്കിലെ ഒരു ക്ലബ്ബില്‍ വെച്ച് വസ്ത്രത്തിനടിയിലൂടെ ട്രംപ് തന്റെ സ്വകാര്യഭാഗത്ത് സ്പര്‍ശിച്ചെന്നാണ് ക്രിസ്റ്റിന്‍ ആന്‍ഡേഴ്‌സന്റെ ആരോപണം. വാഷിംഗ്ടണ്‍ പോസ്റ്റാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. സ്ഥാനാര്‍ത്ഥി സംവാദത്തിനിടെ ട്രംപ് മാന്യന്‍ ചമയുന്നത് കണ്ടപ്പോള്‍ തന്റെ അനുഭവം തുറന്നുപറയാന്‍ നിര്‍ബന്ധിതയാവുകയായിരുന്നുവെന്നും സമ്മര്‍ സെര്‍വോസ് പറഞ്ഞു. ട്രംപ് രണ്ട് ആരോപണങ്ങളും നിഷേധിച്ചു. ഈ സ്ത്രീകളാരെന്ന് അറിയില്ലെന്നും വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് ചെലവില്ലാത്ത പ്രശസ്തിക്കു വേണ്ടിയാണെന്നും ട്രംപ് കുറ്റപ്പെടുത്തി. സ്ത്രീകളെ വശീകരിക്കാന്‍ തനിക്കാകുമെന്ന് പറയുന്ന ട്രംപിന്റെ വീഡിയോ അടുത്തിടെ വിവാദമായിരുന്നു. 1980കളില്‍ വിമാനത്തില്‍ വച്ച് ട്രംപ് തന്നെ കയറിപ്പിടിച്ചെന്ന് ജസീക്ക ലീഡ്‌സ് എന്നൊരു സ്ത്രീയും പിഡിപ്പിച്ചുവെന്നാരോപണവുമായി വെറേയും സ്ത്രീകള്‍ രംഗത്തെത്തിയിരുന്നു.

© 2024 Live Kerala News. All Rights Reserved.