വേലി തന്നെ വിളവ് തിന്നുന്ന അവസ്ഥ വെച്ചുപൊറുപ്പിക്കില്ല; അഴിമതിക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; പൊലീസ് ജനങ്ങളോട് മാന്യമായി പെരുമാറണം; മൂന്നാംമുറ ഒരു തരത്തിലും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: വേലി തന്നെ വിളവ് തിന്നുന്ന അവസ്ഥ വെച്ചുപൊറുപ്പിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അഴിമതിക്ക് വശംവദരാകുന്ന ചിലരെക്കുറിച്ചുളള പരാതികള്‍ കിട്ടിയിട്ടുണ്ട്. ഇത് അവഗണിക്കാനാവില്ല. ഇത്തരക്കാര്‍ക്കെതിരെ കര്‍ശനനടപടികള്‍ സ്വീകരിക്കണമെന്ന നിര്‍ദേശം ഇതിനകം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.തിരുവനന്തപുരത്ത് നടന്ന പൊലീസ് പാസിങ് ഒട്ട് പരേഡില്‍ പ്രസംഗിക്കവെയാണ് ഇക്കാര്യങ്ങള്‍ മുഖ്യമന്ത്രി വ്യക്തമാക്കിയത്. പൊലീസിലെ അഴിമതിയെക്കുറിച്ച് സംസാരിക്കവെയാണ് മുഖ്യമന്ത്രി ഇക്കാര്യം പരാമര്‍ശിച്ചതും. പൊലീസ് അഴിമതിക്ക് വശംവദരാകരുത്. ജനങ്ങളോട് മര്യാദയായി പൊലീസുകാര്‍ പെരുമാറണം. മൂന്നാംമുറ ഒരു തരത്തിലും അനുവദിക്കില്ല. മര്‍ദകശൈലി പൊലീസ് തുടരേണ്ടതില്ല.പൊലീസിന്റെ ആള്‍ശേഷിയും അടിസ്ഥാന സൗകര്യങ്ങളും വര്‍ധിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്തിനകത്തും പുറത്തും നിന്നും ഭീകരവാദ ഭീഷണികള്‍ തുടര്‍ച്ചയായി ഉണ്ടാകുന്നു. ഇതിനെ ശക്തമായി നേരിടേണ്ടതുണ്ട്. വര്‍ഗീയമായി ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ഹീനമായ ശ്രമങ്ങള്‍ നടക്കുന്നെന്നും പിണറായി പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.