ബിജെപി ഹര്‍ത്താലില്‍ പരക്കെ അക്രമം; ആംബുലന്‍സ് അടിച്ചു തകര്‍ത്തു;വിവാഹ പാര്‍ട്ടിക്ക് നേരെ കല്ലേറ്; മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും വ്യാപക അക്രമം

തിരുവനന്തപുരം: കണ്ണൂരിലെ പിണറായിയില്‍ ബിജെപി പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചതില്‍ പ്രതിഷേധിച്ച് ബിജെപി ആഹ്വാനം ചെയ്ത സംസ്ഥാന ഹര്‍ത്താലില്‍ പരക്കെ അക്രമം. പൊതുവാഹനങ്ങളൊന്നും റോഡിലിറങ്ങിയില്ല. ഹര്‍ത്താലിനെ തുടര്‍ന്ന ഒറ്റപ്പെട്ട ചില കെഎസ്ആര്‍ടിസി ബസുകള്‍ മാത്രമെ സര്‍വീസ് നടത്തുന്നുള്ളു. ആംബുലന്‍സുകള്‍ക്ക് നേരെയും ഹര്‍ത്താല്‍ അനുകൂലികളുടെ ആക്രമണം. തിരുവനന്തപുരം നഗരത്തിലാണ് ഹര്‍ത്താല്‍ അനുകൂലികള്‍ ആംബുലന്‍സ് തകര്‍ക്കുകയും ഡ്രൈവറെ ആക്രമിക്കുകയും ചെയ്തത്. ബിജെപി പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ ഡ്രൈവര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഡിവൈഎഫ്‌ഐ പെരുന്താന്നി മേഖല കമ്മിറ്റിയുടെ ആംബുലന്‍സാണ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തല്ലിതകര്‍ത്തത്. കോഴിക്കോട് കുന്ദമംഗലത്ത് വിവാഹപാര്‍ട്ടികള്‍ സഞ്ചരിച്ച വാഹനം ഹര്‍ത്താല്‍ അനുകൂലികള്‍ എറിഞ്ഞു തകര്‍ത്തു. പ്രകടനങ്ങള്‍ക്കിടെ ചിലയിടങ്ങളില്‍ സിപിഎം കൊടിമരങ്ങളും ബോര്‍ഡുകളും സമരക്കാര്‍ നശിപ്പിച്ചു. കോഴിക്കോട് വിമാനത്താവളത്തില്‍നിന്നു തലശ്ശേരിയിലേക്കു പോവുകയായിരുന്ന കാറിനുനേരെ കൊണ്ടോട്ടി ഐക്കരപ്പടിയിലാണു കല്ലേറുണ്ടായത്. ഇന്നു രാവിലെ മസ്‌ക്കറ്റില്‍നിന്നെത്തിയ യാത്രക്കാരനുമായി പോവുകയായിരുന്നു കാര്‍. കല്ലെറിഞ്ഞ മൂന്നുപേരെ പൊലീസ് പിടികൂടി. യാത്രക്കാര്‍ക്കു പരുക്കില്ല. കൊച്ചിയിലും തിരുവനന്തപുരത്തും കോട്ടയത്തും ബിജെപി പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ തടഞ്ഞു. കോഴിക്കോട് പൂവാട്ടുപറമ്പ് മുണ്ടക്കലില്‍ ബിജെപി പ്രവര്‍ത്തകന്റെ കടയ്ക്കു തീയിട്ടു. ഇന്നു പുലര്‍ച്ചെയോടെയായിരുന്നു അജ്ഞാതര്‍ കടയ്ക്കു തീയിട്ടത്.

പാലക്കാട് ജില്ലയിലെ കുഴല്‍മന്ദത്ത് ടൂറിസ്റ്റ് ബസിനുനേരെ സമരാനുകൂലികള്‍ കല്ലെറിഞ്ഞു. അലത്തൂര്‍ പൂടൂരില്‍ കോഴിക്കടയ്ക്കുനേരെയും ആക്രമണമുണ്ടായി.കോട്ടയം പാലായില്‍ പൊലീസിന് നേരെ ബിജെപി പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു. തുടര്‍ന്ന് പൊലീസ് ലാത്തി വീശി. ആലപ്പുഴ ജില്ലയില്‍ അങ്ങിങ്ങ് ആക്രമണം. പട്ടണക്കാട് കടയ്ക്കു നേരെ കല്ലേറുണ്ടായി. തൃശ്ശൂര്‍, ചേര്‍ത്തല എന്നിവടങ്ങളിലും ബിജെപി മാര്‍ച്ചിനിടെ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ കൈയ്യേറ്റമുണ്ടായി. സംഘര്‍ഷത്തില്‍ ഏഷ്യാനെറ്റിന്റെയും ജീവന്‍ ടിവിയുടെയും കാമറാമാന്‍മാര്‍ക്ക് പരിക്കേറ്റു. തൊടുപുഴയിലെ ജില്ലാ ലേബര്‍ ഓഫിസ് ഒരുസംഘം ബിജെപി പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു. ലേബര്‍ ഓഫിസ് അടിച്ചുതകര്‍ത്തതിനു നേതൃത്വം നല്‍കിയ ആര്‍എസ്എസ് കാര്യവാഹിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ വിട്ടയയ്ക്കണമെന്നാവശ്യപ്പെട്ട് ആര്‍എസ്എസ്- ബിജെപി പ്രവര്‍ത്തകര്‍ തൊടുപുഴ പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചു. സംസ്ഥാനമൊട്ടാകെ കനത്ത ജാഗ്രതയിലാണ് പൊലീസ്. വാഹനഗതാഗതം തടസപ്പെടുത്തുകയോ അക്രമങ്ങളില്‍ ഏര്‍പ്പെടുകയോ ചെയ്താല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കും എന്ന് പൊലീസ് മേധാവി ഇന്നലെ വ്യക്തമാക്കിയിരുന്നു. കൂടാതെ അതിക്രമങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ ഉചിതമായ വകുപ്പുകള്‍ ചുമത്തി കേസെടുക്കണമെന്നും നിര്‍ദേശം നല്‍കിയിരുന്നു.

© 2024 Live Kerala News. All Rights Reserved.