ബിജെപി ഹര്‍ത്താല്‍ തുടങ്ങി; വാഹനഗതാഗതം തടസ്സപ്പെടുത്തുകയോ അക്രമങ്ങള്‍ നടത്തുകയോ ചെയ്താല്‍ കര്‍ശനനടപടിയെന്ന് ഡിജിപി; ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വച്ചു; കണ്ണൂരില്‍ കനത്ത സുരക്ഷ

തിരുവനന്തപുരം: കണ്ണൂരിലെ ബിജെപി പ്രവര്‍ത്തകന്‍ വെട്ടേറ്റ്‌ മരിച്ചതില്‍ പ്രതിഷേധിച്ച് ബിജെപി ആഹ്വാനം ചെയ്ത സംസ്ഥാന ഹര്‍ത്താല്‍ തുങ്ങി. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ആശുപത്രി, പത്രം, പാല്‍ എന്നിവയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അതേ സമയം ഹര്‍ത്താലിനിടെ വാഹന ഗതാഗതം തടസ്സപ്പെടുത്തുകയോ അക്രമങ്ങള്‍  നടത്തുകയോ ചെയ്താല്‍ കര്‍ശനനടപടി സ്വീകരിക്കുമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കാന്‍ ഇന്നലെ രാത്രി മുതല്‍ പട്രോളിങ്, ആവശ്യമായ സ്ഥലങ്ങളില്‍ പിക്കറ്റിങ് എന്നിവ പൊലീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതിക്രമങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ യുക്തമായ വകുപ്പുകള്‍ ഉപയോഗിച്ച് കേസെടുക്കാനും ഡി.ജി.പി നിര്‍ദേശിച്ചിട്ടുണ്ട്. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രശ്‌നബാധിത മേഖലകളില്‍ കൂടുതല്‍ സേനയെ വിന്യസിക്കാനും നടപടി സ്വീകരിച്ചിട്ടുണ്ട്. ഹര്‍ത്താലിനെ തുടര്‍ന്ന് ഇന്ന് എംജി , കണ്ണൂര്‍,കൊച്ചി(കുസാറ്റ്) സര്‍വകലാശാലകള്‍ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വച്ചു. പുതുക്കിയ തീയ്യതി പിന്നീട് അറിയിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞ ദിവസം പിണറായിയില്‍ ബി.ജെ.പി പ്രവര്‍ത്തകനായ രമിത്താണ് വെട്ടേറ്റു മരിച്ചിരുന്നത്. പിണറായി ടൗണിനുള്ളിലെ പെട്രോള്‍ ബങ്കിനു സമീപം ബുധനാഴ്ച രാവിലെയായിരുന്നു ആക്രമണം നടന്നത്. തലയ്ക്കും കഴുത്തിനും വെട്ടേറ്റ് ഗുരുതര പരുക്കുകളുമായി തലശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായിരുന്നില്ല. കഴിഞ്ഞ ദിവസം സിപി.എം പ്രവര്‍ത്തകനായ മോഹനന്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ബിജെപി പ്രവര്‍ത്തകനും കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാവിലെ 10 മണിയോടെയായിരുന്നു മോഹനന്‍ കൊല്ലപ്പെട്ടത്. കണ്ണൂരില്‍ കനത്ത സുരക്ഷ. കൂടുതല്‍ പൊലീസിനെ വിന്യസിപ്പിച്ചു.

© 2024 Live Kerala News. All Rights Reserved.