തിരുവനന്തപുരം: സ്വാശ്രയ കോളജുകള്‍ തലവരിപ്പണം വാങ്ങുന്ന സംഭവം വിജിലന്‍സ് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതേസമയം, സ്വാശ്രയ കോളജുകള്‍ തലവരിപ്പണം വാങ്ങിയതായി തെളിഞ്ഞാല്‍ നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി ആരോഗ്യമന്ത്രി കെ.കെ.ശൈലജ നിയമസഭയില്‍ പറഞ്ഞു. പ്രതിപക്ഷ എംഎല്‍എ വി.ടി.ബല്‍റാമാണ് ഇക്കാര്യത്തില്‍ സഭയില്‍ അടിയന്തരപ്രമേയം കൊണ്ടുവന്നത്. സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് അടിയന്തരപ്രമേയ നോട്ടിസില്‍ പ്രതിപക്ഷം ആവശ്യപ്പെട്ടു. നേരത്തേ, പ്രതിപക്ഷം ചോദ്യോത്തരവേളയോട് നിസഹകരിച്ചിരുന്നു. അതേസമയം, എംഎല്‍എമാരുടെ നിരാഹാരസമരം തുടരും. തിങ്കളാഴ്ച വരെ നിയമസഭയില്‍ സമരം തുടരാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. ശനിയും ഞായറും സഭാ സമ്മേളനം ഇല്ലാത്തതിനാല്‍ സമരം സെക്രട്ടേറിയറ്റിനു മുന്‍പിലേക്കു മാറ്റുന്നതിനെക്കുറിച്ച് യുഡിഎഫ് ആലോചിക്കുന്നുണ്ട്. അതല്ലെങ്കില്‍ നിയമസഭയുടെ പുറത്തെ കവാടത്തില്‍ യുഡിഎഫ് കക്ഷിനേതാക്കളുടെ സമരം ആരംഭിക്കുന്നതിനെക്കുറിച്ചും ചര്‍ച്ച നടക്കുന്നു. സമരം ഒത്തുതീര്‍ക്കാന്‍ ഇന്നലെ സ്പീക്കറുടെ നേതൃത്വത്തില്‍ ചര്‍ച്ച നടന്നിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു.