ജേക്കബ് തോമസിന് പാലായില്‍ വിലക്ക്; പാലാ സെന്റ് തോമസ് കോളേജില്‍ നടത്താനിരുന്ന പരിപാടിയില്‍ നിന്നും ഒഴിവാക്കി; കെ.എം മാണിക്കെതിരെ അന്വേഷണം നടക്കുന്നതിലാണ് ജേക്കബ് തോമസിനോട് പരിപാടിയിലേക്ക് വരേണ്ടെന്ന് പറഞ്ഞതെന്ന് സംഘാടകര്‍

പാല: പാലാ സെന്റ് തോമസ് കോളേജില്‍ നടത്താനിരുന്ന പരിപാടിയില്‍ നിന്ന് വിജിലന്‍സ് ഡയരക്ടര്‍ ജേക്കബ് തോമസിന് വിലക്ക്. പൂര്‍വിദ്യാര്‍ത്ഥികളെ ആദരിക്കുന്ന ചടങ്ങും അവാര്‍ഡ് ദാന ചടങ്ങിലേക്കുമായിരുന്നു ജേക്കബ് തോമസിനെ ക്ഷണിച്ചിരുന്നത്. ബാര്‍ കോഴ കേസില്‍ അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥനെ പരിപാടിയില്‍ പങ്കെടുപ്പിക്കരുതെന്ന സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് അദ്ദേഹത്തെ ഒഴിവാക്കിയത്. സ്ഥലം എംഎല്‍എ കൂടിയായ കെ.എം മാണിക്കെതിരെ അന്വേഷണം നടക്കുന്നതിലാണ് ജേക്കബ് തോമസിനോട് പരിപാടിയിലേക്ക് വരേണ്ടെന്ന് പറഞ്ഞതെന്ന് സംഘാടകര്‍ അറിയിച്ചു. ജേക്കബ്ബ് തോമസിനെ പങ്കെടുക്കുന്നതില്‍ അധ്യാപകരില്‍ നിന്നും വിദ്യാര്‍ത്ഥികളില്‍ നിന്നും പ്രതിഷേധമുണ്ടെന്നാണ് പൂര്‍വവിദ്യാര്‍ത്ഥി സംഘടനാ ഭാരവാഹികള്‍ പറയുന്നത്. കെ.എം മാണിക്കെതിരായ അന്വേഷണം തുടങ്ങുന്നതിന് മുന്‍പാണ് ജേക്കബ് തോമസിനെ പരിപാടിയിലേക്ക് ക്ഷണിച്ചിരുന്നത്. എന്നാല്‍ നിലവിലെ സാഹചര്യം കണക്കിലെടുത്താണ് അദ്ദേഹത്തെ പരിപാടിയില്‍ നിന്നും മാറ്റിയതെന്നുമാണ് അറിയുന്നത്. അതേസമയം പരിപാടിയില്‍ നിന്നും ജേക്കബ് തോമസിനെ മാറ്റിയതല്ലെന്നും ഓഡിറ്റോറിയത്തില്‍ എന്‍.സി.സി ക്യാമ്പ് നടക്കുന്നതിനാല്‍ പരിപാടി മാറ്റിവെക്കുകയായിരുന്നുവെന്നുമാണ് പാലാ സെന്റ് തോമസ് കോളേജ് പ്രിന്‍സിപ്പല്‍ പറയുന്നത്. അതേസമയം മറ്റൊരു ദിവസം ജേക്കബ് തോമസിനെ തന്നെ പങ്കെടുപ്പിച്ച് പരിപാടി നടത്തുമോ എന്ന ചോദ്യത്തിന് അത് സംഘാടകരാണ് തീരുമാനിക്കേണ്ടതെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

© 2024 Live Kerala News. All Rights Reserved.