തിരുവനന്തപുരം: പൊലീസ് ആസ്ഥാനത്ത് ആര്‍എസ്എസ് അജണ്ട നടപ്പാക്കുമെന്നും തടയാമെങ്കില്‍ തടയൂവെന്നും പൊലീസ് ആസ്ഥാനം ഐ.ജി സുരേഷ് രാജ് പുരോഹിത് ഉദ്യോഗസ്ഥരെ വെല്ലുവിളിച്ചു. പൊലീസ് ആസ്ഥാനത്ത് നടപ്പാക്കുന്ന പരിഷ്‌കാരങ്ങള്‍ക്കെതിരെ പരസ്യനിലപാടെടുത്ത ഉദ്യോഗസ്ഥരെ ഓഫീസില്‍ വിളിച്ചുവരുത്തിയാണ് ഐ.ജിയുടെ വെല്ലുവിളി. നേരത്തെ തൃശൂര്‍ പൊലീസ് അക്കാദമിയിലെ അപ്രഖ്യാപിത ബീഫ് നിരോധന വിവാദത്തെ തുടര്‍ന്ന് സ്ഥലംമാറ്റം ലഭിച്ച ഉദ്യോഗസ്ഥനാണ് ഐ.ജി സുരേഷ് രാജ് പുരോഹിത്. തിങ്കളാഴ്ച രാവിലെ ജൂനിയര്‍ സൂപ്രണ്ട്, സീനിയര്‍ സൂപ്രണ്ട് തസ്തികയിലെ ഉദ്യോഗസ്ഥരെയെല്ലാം ഐ.ജി ഓഫിസില്‍ വിളിച്ചുവരുത്തിയിരുന്നു. വാര്‍ത്ത ചോര്‍ത്തിയ ഉദ്യോഗസ്ഥരെ നിലക്കുനിര്‍ത്തുമെന്ന് പറഞ്ഞ് ഐ.ജി ഭീഷണിപ്പെടുത്തിയെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞതായി മാധ്യമം റിപ്പോര്‍ട്ടു ചെയ്യുന്നു. സംഘ്പരിവാര്‍ താല്‍പര്യപ്രകാരം പുരോഹിത് സി.ഐമാരുടെ സ്ഥലംമാറ്റത്തില്‍ ഇടപെട്ടതായും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് ഐ.ജി ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി വെല്ലുവിളിച്ചിരിക്കുന്നത്.