അതിര്‍ത്തിയില്‍ തമ്പടിച്ചിരുന്ന ഐഎസ് ഭീകരരെ തുടച്ചുനീക്കി; അസാസ് മുതല്‍ ജറാബ്ലസ് വരെയുള്ള അതിര്‍ത്തി പ്രദേശങ്ങള്‍ പൂര്‍ണമായും സുരക്ഷിതമാണെന്ന് തുര്‍ക്കി പ്രധാനമന്ത്രി

ബെയ്‌റൂട്ട്: ഭീകര സംഘടനയായ ഐഎസിനെ സിറിയന്‍-തുര്‍ക്കി അതിര്‍ത്തിയില്‍ നിന്ന് തുടച്ചുനീക്കിയെന്ന് തുര്‍ക്കി. അസാസ് മുതല്‍ ജറാബ്ലസ് വരെയുള്ള അതിര്‍ത്തി പ്രദേശങ്ങള്‍ പൂര്‍ണമായും സുരക്ഷിതമാണ്. അതിര്‍ത്തിയില്‍ തമ്പടിച്ചിരുന്ന ഐഎസ് അടക്കമുള്ള എല്ലാ തീവ്രവാദ സംഘടനകളെയും ഇവിടെ നിന്ന് തുരത്തിയെന്ന് തുര്‍ക്കി പ്രധാനമന്ത്രി ബിനാലി യില്‍ദ്രിം വ്യക്തമാക്കി. ശനിയാഴ്ച തുര്‍ക്കി സൈന്യവും സിറിയന്‍ വിമതരും ചേര്‍ന്ന് സിറിയന്‍ അതിര്‍ത്തിയിലെ തന്ത്രപ്രധാനമായ ജറാബ്ലസ് നഗരം തിരിച്ചുപിടിച്ചിരുന്നു. ഞായറാഴ്ച സിറിയന്‍ സര്‍ക്കാര്‍ അനുകൂല സേനയുടെ പിന്തുണയോടെ നടത്തിയ വ്യോമാക്രമണത്തിലൂടെ ആലപ്പോ നഗരവും തിരിച്ചു പിടിച്ചിരുന്നു. ഐഎസ് ഭീകരരെ തുരത്തിയോടിച്ച സാഹചര്യത്തില്‍ അതിര്‍ത്തിയിലെ സൈനിക നടപടി തുടരുമോയെന്ന് തുര്‍ക്കി വ്യക്തമാക്കിയില്ല.

© 2024 Live Kerala News. All Rights Reserved.