ശ്രീനഗര്‍: ജൂലൈ 8 ന് ഭീകരസംഘടനയായ ഹിസ്ബുള്‍ കമാന്റര്‍ ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് പൊട്ടിപ്പുറപ്പെട്ട കലാപത്തിന് താല്‍ക്കാലിക ശമനം. കശ്മീര്‍ കഴിഞ്ഞദിവസങ്ങളില്‍ പൊതുവെ ശാന്തമായിരുന്നു. കശ്മീരില്‍ ഏര്‍പ്പെടുത്തിയ നിരോധനാജ്ഞ ഒടുവില്‍ പിന്‍വലിച്ചു. ൂലൈ 9 മുതലാണ് ഇവിടെ നിരോധനാജ്ഞ നിലവില്‍ വന്നത്. സംസ്ഥാനം കണ്ട ഏറ്റവും ദൈര്‍ഘ്യമേറിയ കര്‍ഫ്യൂവിന് അയവ് വരുത്താന്‍ ജമ്മു കശ്മീര്‍ സര്‍ക്കാര്‍ തീരുമാനമായി. അതേസമയം പുല്‍വാമ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ നിശാനിയമം തുടരും. സ്ഥിതിഗതികള്‍ മെച്ചപ്പെട്ട സാഹചര്യത്തിലാണ് നിരോധനാജ്ഞ പിന്‍വലിക്കുന്നത്. എന്നാല്‍ വിഘടനവാദികളെ അറസ്റ്റ് ചെയ്യുന്ന നടപടി തുടരുകയാണ്. പുല്‍വാമ, മഹാരാജാ ഗഞ്ച്, നൗഹാട്ട പോലീസ് സ്‌റ്റേഷന്‍ പരിധികളില്‍ ഭാഗിക നിയന്ത്രണം നില നില്‍ക്കുന്നുണ്ട്്.
രണ്ടു മാസത്തിനടുത്ത സമയത്തിനിടയില്‍ ഇതിനകം വിഘടനവാദികളുടെ നേതൃത്വത്തിലുള്ള പ്രതിഷേധക്കാരും സുരക്ഷാസേനയും തമ്മിലുള്ള ഏറ്റുമുട്ടലില്‍ 70 പേര്‍ കൊല്ലപ്പെടുകയും 11,000 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സെപ്തംബര്‍ ആദ്യ വാരം എല്ലാ രാഷ്ട്രീപാര്‍ട്ടി പ്രതിനിധികളെയും കശ്മീരിലേക്ക് ക്ഷണിച്ചിട്ടുണ്ട്. കഴിഞ്ഞയാഴ്ച കശ്മീര്‍ പ്രതിപക്ഷനേതാവും നാഷണല്‍ കോണ്‍ഫറന്‍സ് തലവനുമായ ഒമര്‍ അബ്ദുള്ളയും കശ്മീര്‍ വിഷയത്തില്‍ രാഷ്ട്രപതിയെയും പ്രധാനമന്ത്രിയെയും കണ്ടിരുന്നു. പ്രശ്‌നം രമ്യമായി പരിഹരിക്കുകയും പാകിസ്ഥാന്റെ കുളംകലക്കി മീന്‍പിടിക്കല്‍ തന്ത്രം തടയാനും ഫലപ്രദമായ നടപടികളാണ് ഇന്ത്യ ആലോചിക്കുന്നത്.