കശ്മീരികളോട് മനുഷ്യത്വം കാണിക്കണം; ആളുകളോട് സ്‌നേഹത്തോടെയും കരുതലോടെയും പെരുമാറണം; ഭരണകൂടത്തിന്റെ നടപടിയില്‍ ആശങ്ക രേഖപ്പെടുത്തി സുപ്രീംകോടതി

ശ്രീനഗര്‍: കശ്മീരികളോട് മനുഷ്യത്വം കാണിക്കണമെന്നും ആളുകളോട് സ്‌നേഹത്തോടെയും കരുതലോടെയും പെരുമാറണമെന്നും സുപ്രീംകോടതി. സ്ഥിതിഗതിയില്‍ സുപ്രീംകോടതി ആശങ്ക പ്രകടിപ്പിച്ചു. കശ്മീര്‍ താഴ്‌വരയില്‍ മനുഷ്വത്വ സമീപനത്തില്‍ അഭാവം ഉണ്ടായിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി കശ്മീര്‍ വിഷയത്തില്‍ മൗനം വെടിഞ്ഞതിന് തൊട്ടുപിന്നാലെയാണ് സുപ്രീംകോടതിയുടെ വിലയിരുത്തല്‍. ജസ്റ്റിസ് പിസി ഘോഷ്, അമിതാവ റോയ് എന്നിവരടങ്ങിയ ബഞ്ചാണ് ആശങ്ക രേഖപ്പെടുത്തിയത്. ജൂലൈ 10ന് 22കാരനായ ഷാബിര്‍ അഹമ്മദ് മിര്‍ എന്ന യുവാവിനെ വെടിവെച്ച് കൊലപ്പെടുത്തിയ കേസില്‍ ഡിഎസ്പിക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാത്ത ശ്രീനഗര്‍ സീനിയര്‍ എസ്പി സംഭവത്തില്‍ വീഴ്ച വരുത്തിയെന്ന് പ്രാദേശിക കോടതി കണ്ടെത്തിയിരുന്നു. ഇതിനെതിരെ സംസ്ഥാനം നല്‍കിയ ഹര്‍ജി പരിഗണിക്കെവെയാണ് കശ്മീര്‍ വിഷയത്തിലെ സുപ്രീംകോടതിയുടെ നിരീക്ഷണം. ഹിസ്ബുള്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതിന് പിന്നാലെയാണ് കശ്മീരില്‍ സംഘര്‍ഷം ആരംഭിച്ചത്. വാനിയുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് കശ്മീര്‍ താഴ്‌വരയില്‍ പ്രതിഷേധക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 55 പേര്‍ കൊല്ലപ്പെടുകയും ഒട്ടേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇപ്പോഴും കശ്മീരില്‍ ഒറ്റപ്പെട്ട സംഘര്‍ഷം തുടരുകയാണ്.

© 2024 Live Kerala News. All Rights Reserved.