പുല്‍വാമയില്‍ സുരക്ഷാസേനയുടെ വെടിയേറ്റ് പതിനെട്ടുകാരന്‍ കൊല്ലപ്പെട്ടു; കശ്മീര്‍ സംഘര്‍ഷത്തില്‍ മരണം 69ആയി

ശ്രീനഗര്‍: കശ്മീരിലെ പുല്‍വാമയില്‍ സുരക്ഷാസേനയുടെ വെടിയേറ്റ് പതിനെട്ടുകാരന്‍ കൊല്ലപ്പെട്ടു. ചാന്ദിപുര സ്വദേശിയായ ഷക്കീല്‍ അഹമ്മദ് ഗനായിയാണ് മരിച്ചത്. ഹാല്‍ മേഖലയില്‍ നടന്ന സംഘര്‍ഷത്തിനിടെയാണ് ഗനായിക്ക് വെടിയേറ്റത്. സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതോടെ കശ്മീര്‍ സംഘര്‍ഷത്തില്‍ കൊല്ലപ്പെടുന്നവരുടെ എണ്ണം 69ആയിരിക്കുകയാണ്. കശ്മീരില്‍ 49 ദിവസമായി തുടരുന്ന കര്‍ഫ്യൂ കൂടുതല്‍ മേഖലകളിലേക്ക് സര്‍ക്കാര്‍ വ്യാപിപ്പിച്ചിരുന്നു. കര്‍ഫ്യൂ നിലനില്‍ക്കുന്നതിനാല്‍ ഒരുമാസത്തിലധികമായി കടകളും സര്‍ക്കാര്‍ സ്ഥാപനങ്ങളും പെട്രോള്‍ പമ്പുകളുമടക്കം അടഞ്ഞുകിടക്കുകയാണ്. അഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് കശ്മീര്‍ സന്ദര്‍ശിച്ചതിന്റെ പിന്നാലെയാണ് മറ്റൊരു മരണം കൂടി സംഭവിച്ചിരിക്കുന്നത്. 50 ദിവസമായി നീളുന്ന സംഘര്‍ഷമവസാനിപ്പിക്കാന്‍ ആരുമായും ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും താഴ്‌വരയിലേക്ക് സര്‍വകക്ഷി സംഘത്തെ അയക്കുമെന്നും രാജ്‌നാഥ് സിങ് പറഞ്ഞിരുന്നു. ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയുടെ വധത്തില്‍ പ്രതിഷേധിച്ച് ജൂലൈ 9നാണ് കശ്മീരില്‍ പ്രക്ഷോഭം ആരംഭിച്ചത്.

© 2024 Live Kerala News. All Rights Reserved.