രാജ്‌നാഥ് സിംഗ് വീണ്ടും കാശ്മീരിലേക്ക്; താഴ്‌വരയിലെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യും; പ്രധാനമന്ത്രിയുടെ നിര്‍ദേശം വിഘടനവാദികള്‍ തള്ളി; സ്വയം നിര്‍ണ്ണയാവകാശത്തില്‍ കുറഞ്ഞ സമവായത്തിന് തയ്യാറല്ലെന്ന് ഹൂറിയത്ത് നേതാക്കള്‍

ശ്രീനഗര്‍: കശ്മീര്‍ സംഘര്‍ഷത്തിന്റെ സ്ഥിതിഗതികള്‍ വിലയിരുത്താനായി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് ഇന്ന് വീണ്ടും കശ്മീരില്‍ എത്തും. സമവായ ചര്‍ച്ചകളും സമാധാനം പുന: സ്ഥാപിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ ആരായലുമാണ് സന്ദര്‍ശന ലക്ഷ്യം. രണ്ടു ദിനം നീളുന്ന സന്ദര്‍ശനത്തില്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്ത്തി, സംസ്ഥാന മന്ത്രിമാര്‍, രാഷ്ട്രീയ നേതാക്കള്‍, സൈനിക ഉദ്യോഗസ്ഥര്‍ എന്നിവരുമായി ചര്‍ച്ച നടത്തും. കശ്മീരില്‍ രാഷ്ട്രീയ പരിഹാരമാണ് വേണ്ടതെന്ന് നേരത്തേ സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. കശ്മീരിലെ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരത്തിന് ചര്‍ച്ചയാവാമെന്ന നിര്‍ദ്ദേശം പ്രധാനമന്ത്രി കഴിഞ്ഞദിവസം തന്നെ കണ്ട പ്രതിപക്ഷ നേതാക്കള്‍ക്ക് മുമ്പാകെ വച്ചിരുന്നു. നാഷണല്‍ കോണഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള ഉള്‍പ്പടെയുള്ള പ്രതിപക്ഷ നേതാക്കള്‍ ഈ ആഹ്വാനം സ്വീകരിച്ചെങ്കിലും വിഘടനവാദികള്‍ മോദിയുടെ നിലപാട് തള്ളി.മോഡിയുടെ നിര്‍ദേശം കശ്മീരിലെ പ്രതിപക്ഷ പാര്‍ട്ടികള്‍ സ്വീകരിച്ചെങ്കിലും സ്വയം നിര്‍ണ്ണയാവകാശത്തില്‍ കുറഞ്ഞ ഒരു സമവായത്തിനും തയ്യാറല്ലെന്ന് ഹൂറിയത്ത് നേതാക്കളും പറഞ്ഞിരുന്നു.പ്രശ്‌ന പരിഹാരം ലക്ഷ്യമിട്ട് പുറത്തെ മുസഌങ്ങളുടെ ഇടപെടലിനും കേന്ദ്ര നീക്കമുണ്ട്. സംഘര്‍ഷത്തില്‍ ഇതുവരെ 65 പേര്‍ മരിക്കുകയും അയ്യായിരത്തിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. അക്രമം പതിവാകുകയും പോലീസ് സ്‌റ്റേഷനുകള്‍ കേന്ദ്രീകരിച്ച് ആക്രമണം നിരന്തര സംഭവമായി മാറുകയും ചെയ്തതോടെ കശ്മീരിലെ സുരക്ഷാ ചുമതല ബിഎസ്എഫ് ഏറ്റെടുത്തിട്ടുണ്ട്. 12 വര്‍ഷത്തിന് ശേഷമാണ് ബിഎസ്എഫ് താഴ്‌വരയുടെ ചുമതല ഏല്‍ക്കുന്നത്.

© 2024 Live Kerala News. All Rights Reserved.