ന്യുഡല്‍ഹി: യുവാവ് സഹോദരിയെ ചപ്പാത്തി പരത്തുന്ന റോളര്‍ കൊണ്ട് കഴുത്തില്‍ അമര്‍ത്തി ശ്വാസം മുട്ടിച്ച് കൊന്ന ശേഷം മൃതദേഹത്തിനൊപ്പം കിടന്നുറങ്ങി. വടക്ക് പടിഞ്ഞാറന്‍ ഡല്‍ഹിയിലെ മുഖര്‍ജി നഗറിലാണ് സംഭവം. ഭര്‍ത്താവ് ഉപേക്ഷിച്ച യുവതി ഏതാനും മാസങ്ങളായി സഹോദരനൊപ്പമാണ് താമസിച്ചിരുന്നത്. ഇയാള്‍ സഹോദരിയെ ലൈംഗികമായി പീഡിപ്പിച്ചിരിക്കാനുള്ള സാധ്യത പോലീസ് തള്ളിക്കളയുന്നില്ല. നിരന്തരമായ കുടുംബ കലഹത്തെ തുടര്‍ന്ന് ഇയാളുടെ ഭാര്യ ഏതാനും ദിവസം മുന്‍പ് വീട് വിട്ട് പോയിരുന്നു. കൊല്ലപ്പെട്ട യുവതിയുടെ മകന്‍ അയല്‍വാസികളെ വിവരം അറിയിച്ചതോടെയാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്. തുടര്‍ന്ന് പോലീസ് എത്തുന്നതിന് മുന്‍പ് സഹോദരന്‍ രക്ഷപെട്ടു. കൊല്ലപ്പെട്ട യുവതിയുടെ മകന്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിന്റെ ഫലമായി മണിക്കൂറുകള്‍ക്കകം ഇയാളെ പൊലീസ് പിടികൂടി. മദ്യലഹരിയില്‍ അബദ്ധത്തില്‍ സഹോദരിയെ കൊല്ലുകയായിരുന്നെന്ന് യുവാവ് പൊലീസിന് മൊഴി നല്‍കി.