ടി.എ റസാഖിന്റെ മരണ വാര്‍ത്ത വൈകിപ്പിച്ചത് സിനിമാലോകവും ചില ദൃശ്യമാധ്യമങ്ങളും; നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സംവിധായകന്‍ അലി അക്ബര്‍

കോഴിക്കോട്: അന്തരിച്ച പ്രമുഖ തിരക്കഥാകൃത്ത് ടി.എ റസാഖിന്റെ മരണ വാര്‍ത്ത വൈകിപ്പിച്ചത് സിനിമാലോകവും ചില ദൃശ്യമാധ്യമങ്ങളുമാണ്. നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സംവിധായകന്‍ അലി അക്ബര്‍ രംഗത്ത്. റസാഖിനോട് അനാദരവ് കാണിച്ചതായി അലി അക്ബര്‍ പറഞ്ഞു. ഇന്നലെ രാവിലെ 11 മണിക്ക് ടി.എ റസാഖ് മരണപ്പെട്ടിരുന്നു.നടന്‍ മോഹന്‍ലാലിനെ ആദരിക്കുന്ന ‘മോഹനം’ പരിപാടി നടക്കുന്നതിനാല്‍ അദ്ദേഹത്തിന്റെ മരണ വാര്‍ത്ത രാത്രി പത്തുമണി വരെ പുറത്തു വിട്ടില്ല. ഇന്നലെ രാത്രി പന്ത്രണ്ട് മണിയോടെയാണ് സിനിമാ ലോകം മരണവാര്‍ത്ത ഔദ്യോഗികമായി പ്രഖ്യാപിച്ചത്. വാര്‍ത്ത പുറത്ത് വിടാന്‍ കോഴിക്കോട്ടെ പരിപാടി കഴിയുന്നതുവരെ കാത്തിരുന്നു. കോഴിക്കോട് ടൗണ്‍ഹാളിലേക്ക് രാത്രി പന്ത്രണ്ട് മണിയോടെയാണ് ഭൗതിക ശരീരം കൊണ്ടുവന്നത്. മൃതദേഹം വൈകീട്ട് ആറരയ്ക്ക് എറണാകുളത്ത് നിന്ന് പുറപ്പെട്ടിട്ട് പോലും വാര്‍ത്ത നല്‍കാന്‍ ദൃശ്യമാധ്യമങ്ങള്‍ തയ്യാറായില്ല. റസാഖ് മരണപ്പെട്ട വിവരം സംഘാടകരോട് സംസാരിച്ചിരുന്നെങ്കിലും അവര്‍ ഒഴിഞ്ഞ് മാറുകയായിരുന്നു. മൃതദേഹം വൈകിപ്പിച്ചുവെന്നത് വാസ്തവമാണെങ്കില്‍ അത് ഒരിക്കലും മാപ്പര്‍ഹിക്കാത്ത കുറ്റമാണെന്നും അദ്ദേഹത്തിന്റെ അന്ത്യനിമിഷങ്ങളോട് സാംസ്‌കാരിക കേരളം കാണിച്ചത് കടുത്ത അവഗണനയാണെന്നും സംവിധായകന്‍ വിനയന്‍ പ്രതികരിച്ചു. പണത്തിനു വേണ്ടി കലാകേരളം ടിഎ റസാഖിനോട് നീതി പുലര്‍ത്തിയില്ലെന്നും അദ്ദേഹം പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.