പ്രശസ്ത തിരക്കഥാകൃത്ത് ടിഎ റസാഖ് ഇനി ഓര്‍മ്മ; നന്മയുള്ള കഥാപാത്രങ്ങളിലൂടെ മലയാള സിനിമയെ മുമ്പേ നടത്തിയ കലാകാരന്‍

സ്വന്തംലേഖകന്‍

കൊച്ചി:
കൊച്ചി: ജീവിതപരിസരങ്ങളിലെ നന്മയുള്ള കഥാപാത്രങ്ങളെ മലയാള സിനിമയ്ക്ക് സമ്മാനിച്ച പ്രശസ്ത തിരക്കഥാക്കൃത്ത് ടി എ റസാഖ് അന്തരിച്ചു. 58 വയസ്സായിരുന്നു. ഘോഷയാത്ര എന്ന ചിത്രത്തിലൂടെ തിരക്കഥരംഗത്തെത്തിയത്. വിഷ്ണുലോകം എന്ന ചിത്രമാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. കരള്‍രോഗം ബാധിച്ച് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.നാല് തവണ മികച്ച തിരക്കഥാക്കൃത്തിനുള്ള സംസ്ഥാന പുരസ്‌കാരം നേടിയിരുന്നു. കാണാക്കിനാവിന് ദേശീയ പുരസ്‌കാരവും അദേഹത്തെ തേടിയെത്തി. നിരവധി പുരസ്‌കാരങ്ങള്‍ അദേഹത്തിന്റെ തിരക്കഥയ്ക്ക് ലഭിച്ചു. മതമൗലീകവാദത്തെ തുറന്നുകാട്ടുന്നതിനൊപ്പം നന്മയുള്ള കഥാപാത്രങ്ങളിലൂടെ മലയാള സിനിമയെ മുമ്പേ നടത്തിയ കലാകാരനായിരുന്നു ടി എ റസാഖ്. ഗസല്‍, നാടോടി, ആയിരത്തിലൊരുവന്‍, കാണാക്കിനാവ്, പെരുമഴക്കാലം, ആകാശം, രാപ്പകല്‍, സ്‌നേഹം, ഉത്തമന്‍, ബസ്സ് കണ്ടക്ടര്‍ തുടങ്ങി 30 ഓളം ചിത്രങ്ങള്‍ക്ക് തിരക്കഥയെഴുതി. കമല്‍-ടിഎ റസാഖ് കൂട്ടുകെട്ട് ഒരുകാലത്തെ മലയാള സിനിമയിലെ വിജയകൂട്ടുകെട്ടായിരുന്നു. ഒരു സിനിമയില്‍ പാട്ടുമെഴുതി. ധ്വനിയെന്ന ചിത്രത്തില്‍ സഹസംവിധാനത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം. സമാന്തര നാടകപ്രസ്ഥാനത്തില്‍ നിലകൊള്ളുന്നതിനിടെയാണ് സിനിമയിലെത്തുന്നത്. ഇടതുപക്ഷ നാടക പ്രസ്ഥാനത്തിലൂടെ അദേഹം കലാമേഖലയില്‍ കാലൂന്നിയത്. സാമൂഹ്യപ്രതിബദ്ധതയുള്ള അപൂര്‍വം ചില കലാകാരന്‍മാരിലൊരാളായിരുന്നു ടി എ റസാഖ്. വടക്കരന്‍ കേരളത്തിലെ സാംസ്‌കാരിക മേഖലയില്‍ നിറഞ്ഞു നിന്ന സാന്നിധ്യമായിരുന്നു. കോഴിക്കോട് ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വെയ്ക്കും. തുടര്‍ന്ന് നാളെ കൊണ്ടോട്ടി മോയിന്‍കുട്ടി വൈദ്യര്‍ സ്മാരകത്തില്‍ പൊതുദര്‍ശനത്തിന് വെയ്ക്കും. ഉച്ചയോടെ കൊണ്ടോട്ടി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ സംസ്‌കരിക്കും.

© 2024 Live Kerala News. All Rights Reserved.