കശ്മീരില്‍ വീണ്ടും സംഘര്‍ഷം; സുരക്ഷാസേനയും പ്രതിഷേധക്കാരും ഏറ്റുമുട്ടി; കര്‍ഫ്യൂ വകവെയ്ക്കാതെ മാര്‍ച്ച് നടത്തി; മൂന്ന് പേര്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരന്‍ ബുര്‍ഹാന്‍ വാനിയെ സുരക്ഷാ സേന വധിച്ചതിന് പിന്നാലെ കശ്മീരില്‍ പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായുണ്ടായ ഏറ്റുമുട്ടലിനെത്തുടര്‍ന്നാണ് മൂന്ന് പേര്‍കൂടി മരിച്ചത്. കശ്മീരില്‍ വിവിധയിടങ്ങളിലാണ് സംഘര്‍ഷമുണ്ടായത്. . 150ലധികം പേര്‍ക്ക് പരുക്കേറ്റു. മേഖലയിലെ കര്‍ഫ്യൂ വകവെക്കാതെ ശ്രീനഗറിലെ ഹസറത്ത്ബാല്‍ ബലിപീഠത്തിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചുകള്‍ക്കിടെയാണ് സംഘര്‍ഷമുണ്ടായത്. മധ്യ കശ്മീരിലെ ബുദ്ഗാം ജില്ലയിലെ ചഡൂര മേഖലയില്‍ പ്രതിഷേധക്കാരും സേനയും ഏറ്റുമുട്ടിയപ്പോള്‍ മൊഹമ്മദ് മഖ്ബൂല്‍ എന്ന 45കാരന്‍ കൊല്ലപ്പെട്ടു. സുരക്ഷാ സേനയുടെ വെടിയേറ്റാണ് ഇയാളുടെ മരണം. മഖ്ബൂലിന്റെ മരണത്തിന് പിന്നാലെയാണ് പ്രതിഷേധം ശക്തമായത്. ബുദ്ഗാമിലെ ഖാന്‍സാഹിബ് മേഖലയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ സേന വെടിയുതിര്‍ത്തപ്പോള്‍ സഹൂര്‍ അഹമ്മദ് എന്നയാള്‍ കൊല്ലപ്പെട്ടു. സോപോരിലുണ്ടായ സംഘര്‍ഷത്തിലാണ് മറ്റൊരാള്‍ കൊല്ലപ്പെട്ടത്.
കഴിഞ്ഞ നാല് ആഴ്ച്ചക്കാലമായി കശ്മീരില്‍ തുടരുന്ന സംഘര്‍ഷങ്ങളില്‍ ഇതുവരെ 54 പേരാണ് കൊല്ലപ്പെട്ടത്. 3,000ത്തിലധികം പേര്‍ക്ക് പരുക്കേറ്റു. സേനയുടെ പെല്ലറ്റ് പ്രയോഗത്തില്‍ നൂറിലധികം പേര്‍ക്ക് കാഴ്ച്ച നഷ്ടമായി. രണ്ട് ദിവസം മുമ്പ് ശ്രീനഗറില്‍ സേനയുടെ വെടിയേറ്റ് 20 വയസ്സുള്ള സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടിരുന്നു. കശ്മീരില്‍ സംഘര്‍ഷം വിതയ്ക്കുന്നതിന് പിന്നില്‍ പാകിസ്ഥാനാണെന്ന കാര്യം വ്യക്തമായിരുന്നു.

© 2024 Live Kerala News. All Rights Reserved.