സൗദി അറേബ്യയിലെ തൊഴില്‍ പ്രതിസന്ധി; വിദേശകാര്യ സഹമന്ത്രി വി കെ സിങ് ജിദ്ദയിലേക്ക്‌

ന്യൂഡല്‍ഹി: സൗദി അറേബ്യയിലെ ഇന്ത്യന്‍ തൊഴിലാളികളുടെ പ്രശ്‌നത്തില്‍ പരിഹാരത്തിനായി വിദേശ കാര്യസഹമന്ത്രി വി.കെ സിങ് ഇന്ന് ജിദ്ദയിലെത്തും. ജിദ്ദയിലെ വിവിധ ലേബര്‍ ക്യാംപുകള്‍ വി.കെ സിങ് സന്ദര്‍ശിക്കും. തൊഴിലാളികളുടെ പ്രതിസന്ധി പരിഹരിക്കുന്നതിനായി സൗദി തൊഴില്‍മന്ത്രാലയ അധികൃതരുമായും വി.കെ സിങ് ചര്‍ച്ച നടത്തും. പട്ടിണിയിലായ തൊഴിലാളിക്ക് പത്തുദിവസത്തേക്കുള്ള ഭക്ഷണം ഉറപ്പ് വരുത്തിയതായി ജിദ്ദയില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ അറിയിച്ചു. സൗദി അറേബ്യയില്‍ വിവിധ നിര്‍മ്മാണ കമ്പനികളിലെ പതിനായിരത്തിലധികം ഇന്ത്യന്‍ തൊഴിലാളികളാണ് മാസങ്ങളായി ശമ്പളം ലഭിക്കാതെ കുടുങ്ങിയിരിക്കുന്നത്. പല ലേബര്‍ ക്യാംപുകളിലും മാസങ്ങളായി ഭക്ഷണം പോലും ലഭ്യമല്ല. പ്രതിസന്ധിയിലായ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ അടിയന്തരമായി പരിഹരിക്കുന്നതിനുള്ള ശ്രമങ്ങള്‍ റിയാദില്‍ ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തില്‍ നടന്നുവരുന്നത്. പട്ടിണി അനുഭവിക്കുന്ന തൊഴിലാളികള്‍ക്ക് ഭക്ഷ്യവസ്തുക്കള്‍ കഴിഞ്ഞ രണ്ട് ദിവമായി എത്തിച്ച് നല്‍കുന്നുണ്ട്. ഭക്ഷണം എത്താത്ത കൂടുതല്‍ ഇടങ്ങളിലേക്ക് ഭക്ഷണം എത്തിക്കാനാണ് ഇപ്പോള്‍ ശ്രമം നടക്കുന്നത്.

© 2024 Live Kerala News. All Rights Reserved.