മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മുഖ്യമന്ത്രി മലക്കം മറിഞ്ഞു; ഡാം സുരക്ഷിതമല്ലെന്ന നിയമസഭാസമിതിയുടെ റിപ്പോര്‍ട്ടാണ് ശരി; പുതിയ ഡാം വേണ്ടെന്ന നിലപാട് തനിക്കോ സര്‍ക്കാറിനോ ഇല്ലെന്നും പിണറായി

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ നിലപാടില്‍ വെള്ളം ചേര്‍ത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. ഡാം സുരക്ഷിതമല്ലെന്ന നിയമസഭാ കമ്മിറ്റിയുടെയും സര്‍വകക്ഷി യോഗ നിലപാടുകളാണ് ശരിയെന്നും പിണറായി വിജയന്‍ പറഞ്ഞു. നിയമസഭയില്‍ പിടി തോമസ് എഎല്‍എയ്ക്ക് രേഖാമൂലം നല്‍കിയ മറുപടിയിലാണ് പിണറായി നയം വ്യക്തമാക്കിയത്. ഡാം സുരക്ഷിതമാണന്ന വിദഗ്ദ സമിതി റിപ്പോര്‍ട്ട് പിണറായി മുന്‍പ് ശരിവെച്ചിരുന്നു.
മുല്ലപ്പെരിയാര്‍ സുരക്ഷിതമാണെന്ന വിദഗ്ദ്ധ സമിതിയുടെ റിപ്പോര്‍ട്ട് തള്ളിക്കളയാനാകില്ലെന്നായിരുന്നു മുഖ്യമന്ത്രിയായി സ്ഥാനമേറ്റ ശേഷം ഡല്‍ഹിയിലെത്തിയ പിണറായി വിജയന്‍ അഭിപ്രായപ്പെട്ടത്. ഇതിനെതിരെ പ്രതിപക്ഷ പാര്‍ട്ടികളും മുല്ലപ്പെരിയാര്‍ സമരസമിതിയും ശക്തമായ പ്രതിഷേധം ഉയര്‍ത്തിയതോടെ വിശദീകരണവുമായി പിണറായി രംഗത്തു വന്നിരുന്നു. പുതിയ ഡാം വേണ്ടെന്ന നിലപാട് തനിക്കോ സര്‍ക്കാരിനോ ഇല്ലെന്ന് പിണറായി വിജയന്‍ വ്യക്തമാക്കി. അണക്കെട്ടിന്റെ ഉറപ്പ് ലോകത്തിലെ വിദഗ്ധര്‍ ഉള്‍ക്കൊള്ളുന്ന സമിതിയെ കൊണ്ട് പരിശോധിപ്പിക്കും. ഡാം വിഷയത്തില്‍ തമിഴ്‌നാടുമായി സംഘര്‍ഷത്തിനില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു.
രാജ്യാന്തര തലത്തിലുള്ള വിദഗ്ധരുടെ വിവരങ്ങള്‍ സര്‍ക്കാര്‍ ശേഖരിച്ച് വരുന്നതായും മുഖ്യമന്ത്രി പറഞ്ഞു. സുപ്രീംകോടതി വിധി സംസ്ഥാനത്തിന് എതിരായി നിലനിര്‍ക്കുന്നുണ്ട്. ഡാമിന് ബലമില്ല എന്ന് പറയുമ്പോല്‍ അത് സമര്‍ത്ഥിക്കാന്‍ നമുക്ക് കഴിയണം. അക്കാര്യം മനസിലാക്കാന്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള വിദഗ്ധ സമിതിയെ വയ്ക്കണം. തമിഴ്‌നാടുമായി സംഘര്‍ഷമല്ല വേണ്ടത്. ചര്‍ച്ചയിലൂടെ മുന്നോട്ട് പോകണം എന്നതാണ് സര്‍ക്കാരിന്റെ നിലപാട് എന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.