രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് അറുതിവരുമെങ്കില്‍ ആര്‍എസ്എസുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് പിണറായി; മോഹന്‍ഭാഗവതിന്റെ നിലപാട് ആത്മാര്‍ഥമാണെങ്കില്‍ സ്വാഗതം ചെയ്യുന്നു

കണ്ണൂര്‍: കലുഷിതമായ കണ്ണൂരിന്റെ സമാധാനത്തിന് രാഷ്ട്രീയ അക്രമം അവസാനിപ്പിക്കാനും തെറ്റുകള്‍ തിരുത്തുവാനും ആര്‍എസ്എസ് തയ്യാറാണെങ്കില്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. ആര്‍എസ്എസുമായി ചര്‍ച്ചയ്ക്ക് ഞങ്ങള്‍ എപ്പോഴും തയ്യാറാണെന്നും, ഇപ്പോള്‍ അവര്‍ ഇങ്ങനെ പറയാന്‍ കാരണം തങ്ങള്‍ ചെയ്യുന്നത് ശരിയല്ല എന്ന അവര്‍ തിരിച്ചറിഞ്ഞത് കൊണ്ടാണെന്നും കണ്ണൂരില്‍ നടന്ന പരിപാടിയില്‍ അദ്ദേഹം വ്യക്തമാക്കി. മോഹന്‍ ഭാഗവതിന്റെ പ്രസ്താവന ആത്മാര്‍ത്ഥമാണെങ്കില്‍ അതിനെ സ്വാഗതം ചെയ്യുന്നു. കഴിഞ്ഞ ദിവസം കണ്ണൂരിലെ കലുഷിതമായ രാഷ്ട്രീയ കൊലപാതക പരമ്പരകള്‍ അവസാനിപ്പിക്കാന്‍ സിപിഎമ്മുമായി ചര്‍ച്ചയ്ക്ക് തയാറാണെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് പിണറായി വിജയന്‍ ഇക്കാര്യത്തില്‍ സിപിഎമ്മിന്റെ നിലപാട് വ്യക്തമാക്കിയതും. ഇനി തുടര്‍ചര്‍ച്ചകളും പരിഹാരനിര്‍ദേശങ്ങളുമാണ് കണ്ണൂരിലെ സമാധാനപ്രിയര്‍ പ്രതീക്ഷിക്കുന്നത്.

© 2024 Live Kerala News. All Rights Reserved.