യൂത്ത് കോണ്‍ഗ്രസ് സമരം കോഴവാങ്ങല്‍ നിന്നുപോയതിനാല്‍; കോഴ വാങ്ങാനുള്ള അവസരം സര്‍ക്കാര്‍ ഇല്ലാതാക്കി; സീറ്റുകള്‍ വര്‍ധിച്ചു; സ്വാശ്രയ കരാറില്‍ അഭിമാനമെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: സ്വാശ്രയ കരാറില്‍ സര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. യൂത്ത് കോണ്‍ഗ്രസ് സമരം കോഴവാങ്ങല്‍ നിന്നുപോയതിനാല്‍. അംഗീകരിച്ച ഫീസില്‍ നിന്നും ഒരു പൈസപോലും അധികം വാങ്ങില്ലെന്നും പിണറായി. സീറ്റുകള്‍ വര്‍ധിച്ചു, മെറിറ്റ് ഉറപ്പാക്കാന്‍ കഴിഞ്ഞു. കോഴ വാങ്ങാനുള്ള അവസരം സര്‍ക്കാര്‍ ഇല്ലാതാക്കി. ഈ മാറ്റത്തില്‍ അസ്വസ്ഥതയുള്ളവര്‍ കേരളത്തിലുണ്ട്. യൂത്ത് കോണ്‍ഗ്രസ് ആരംഭിച്ച സമരം ഈ അസ്വസ്ഥതയുള്ളവര്‍ക്കുവേണ്ടിയാണെന്നും വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോപിച്ചു. കോഴ വാങ്ങാന്‍ കോളജുകള്‍ക്ക് യുഡിഎഫ് ഒത്താശ ചെയ്തു കൊടുത്തെന്നും കോഴ വാങ്ങല്‍ അവസാനിച്ചതില്‍ അസ്വസ്ഥരായവര്‍ക്കുവേണ്ടിയാണ് സമരമെന്നും മുഖ്യമന്ത്രി പറഞ്ഞു. കുട്ടികളുടെ താല്‍പ്പര്യമാണ് സംരക്ഷിക്കപ്പെടേണ്ടത്. പണത്തിന്റെ ബലത്തില്‍ പ്രവേശനം കിട്ടുന്ന സ്ഥിതി ഒഴിവാക്കി. കുറഞ്ഞ ഫീസില്‍ കൂടുതല്‍ കുട്ടികള്‍ക്കു പഠിക്കാനാകും. ഇരുപതോളം സ്വാശ്രയ മെഡിക്കല്‍ കോളജ് മാനേജ്‌മെന്റുകള്‍ സര്‍ക്കാരുമായി കരാര്‍ ഒപ്പിടാന്‍ തയാറായിട്ടുണ്ട്. ഇത് യുഡിഎഫിന്റെ കാലത്ത് കഴിയാതിരുന്നതാണ്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്കു കുറഞ്ഞ സര്‍ക്കാര്‍ ഫീസില്‍ (25,000 രൂപ) പഠിക്കാന്‍ നിരവധി കോളജുകളില്‍ അവസരമുണ്ടായി. മുന്‍പ് കാശുവാങ്ങി തോന്നിയതുപോലെ പ്രവേശിക്കപ്പെടുന്ന രീതിയാണ് മാറിയത്. 20% സീറ്റുകളിലാണ് കഴിഞ്ഞ വര്‍ഷത്തെ അതേനിരക്കില്‍ പഠിക്കാന്‍ കഴിയുന്നത്. ഈ ഫീസിന്റെ തുകയില്‍ വര്‍ധനവുണ്ടായിട്ടില്ല. കോണ്‍ഗ്രസ് നേതാക്കള്‍ അസ്വസ്ഥരാകുന്നത് ആര്‍ക്ക് വേണ്ടിയാണെന്നും പിണറായി ചോദിക്കുന്നു.

© 2024 Live Kerala News. All Rights Reserved.