കശ്മീര്‍ കത്തുന്നു; വ്യോമസേന താവളം ആക്രമിച്ചു; ഭീകരസംഘടനയായ ഹിസ്ബുല്‍ മുജാഹിദ് കമാന്‍ഡറുടെ മരണം ഏറ്റുപിടിച്ച് വിഘടനവാദ സംഘടനകള്‍; മരണം 23 ആയി

ശ്രീനഗര്‍: ഭീകരസംഘടനയായ ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയെ സൈനികര്‍ വധിച്ചതിനെത്തുടര്‍ന്ന് പൊട്ടിപ്പുറപ്പെട്ട കലാപത്തില്‍ മരിച്ചവരുടെ എണ്ണം 23 ആയി. അതേസമയം വിഘടനവാദികള്‍ കശ്മീര്‍ വ്യേമസേനാതാവളം ആക്രമിച്ചു. ചരിത്രത്തിലാദ്യമായാണ് കശ്മീരിലെ വ്യോമസേനാ താവളത്തിന് നേരെ ആക്രമണം ഉണ്ടാകുന്നത്. സുരക്ഷാ ഉദ്യോഗസ്ഥരടക്കം 200 ലധികം പേര്‍ക്കു പരുക്കേറ്റു. ജമ്മു കശ്മീരില്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. സംഘര്‍ഷസാധ്യത നിലനില്‍ക്കുന്നതിനാല്‍ നിരോധനാജ്ഞ പിന്‍വലിച്ചിട്ടില്ല. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് 20 അഡീഷനല്‍ പാരാമിലിട്ടറി സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. ദക്ഷിണ കശ്മീരിലെ അനന്ത്‌നാഗ്, കുല്‍ഗാം, പുല്‍വാമ, ഷോപിയന്‍ മേഖലകളിലാണ് സംഘര്‍ഷം വ്യാപകമായിരിക്കുന്നത്. മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കണമെന്ന് കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി അഭ്യര്‍ഥിച്ചു. പൊലീസ് നടപടിയില്‍ യുവാക്കള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മുഖ്യമന്ത്രി ദുഃഖം രേഖപ്പെടുത്തി. പ്രതിഷേധക്കാരെ നേരിടുന്നതില്‍ പൊലീസ് നടപടിക്രമം പാലിച്ചില്ലെന്ന് മെഹബൂബ മുഫ്തി കുറ്റപ്പെടുത്തി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ശ്രീനഗറില്‍ നിന്ന് 85 കിലോമീറ്റര്‍ ദൂരെയുള്ള ബുംദൂര ഗ്രാമത്തില്‍ വാനി അടക്കം മൂന്നു ഭീകരരെ സുരക്ഷാസേന വധിച്ചത്.

© 2024 Live Kerala News. All Rights Reserved.